കടലും വേശ്യയും

അലറിവിളിച്ചുകൊണ്ട് കടല്‍ കരയെടുക്കുകയാണ്.
മൃത്യുഭയത്താല്‍ ജനങ്ങള്‍ തിരമാലകളില്‍ നിന്നും ഓടിയകലുന്നു. കലിയിളകിയ കടല്‍ത്തിരകളില്‍പ്പെട്ടാല്‍ മൂന്നാം പക്കമേ തീരത്തടിയു.
തീരം കാര്‍ന്ന് കാര്‍ന്ന് മുന്നേറിയ കടലിനു മുന്നില്‍ വഴിതടഞ്ഞെന്നോണം അവള്‍ നിന്നു. ഭഗീരഥിയെ തടഞ്ഞുനിര്‍ത്തിയ കാര്‍ത്ത്യവീരാര്‍ജ്ജുനനെപ്പോലെ.
‘നീ എന്തിനെന്‍ വഴി മുടക്കുന്നു....?’
ക്ഷുഭിതനായി കടല്‍ ചോദിച്ചു.
കത്തുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.
‘എന്റെ തൊഴിലിടമാണ് നിങ്ങള്‍ തകര്‍ത്തു കളയുന്നത്.....’
‘ഹും നീ ചെയ്യുന്നത് ഒരു തൊഴിലാണോ....’
‘പണം വാങ്ങി നല്‍കുന്ന സേവനം പിന്നെ തൊഴിലല്ലാതെ മറ്റെന്താണ്..’
‘എങ്കിലും നിയമം അതിന് അനുവദിക്കുന്നില്ലല്ലോ....’
‘നിയമം അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ എന്നേ ഈ തൊഴിലില്‍നിന്ന് പുറംതള്ളപ്പെട്ടേനെ. അതുമാത്രമല്ല ഇപ്പോള്‍ പോലീസിനെ മാത്രം പേടിച്ചാല്‍ മതി. നിയമപരമായ തൊഴിലായി മാറുമ്പോള്‍ വിനോദ നികുതി, തോഴില്‍ നികുതി, വരുമാന നികുതി എന്നെല്ലാം പറഞ്ഞ് ഓരോരുത്തന്മാര്‍ പുറകെ കൂടും.....പിന്നെ പണവും ശരീരവും കൈക്കൂലിയായി നല്‍കേണ്ടിവരും.’
‘ശരി ശരി... നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല. എനിക്കീ തീരം വെടിപ്പാക്കിയേ പറ്റൂ. ഒന്നുകില്‍ നീ ഇവിടം വിട്ടുപോകുക അല്ലെങ്കില്‍ എനിക്കു കീഴ്പ്പെടുക....’
‘ഇല്ല എന്റെ വിയര്‍പ്പലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈ തീരം വിട്ട് എനിക്കെങ്ങും പോകുവാനില്ല...’
‘എങ്കില്‍ എന്നില്‍ വിലയം പ്രാപിച്ചോളൂ.... എത്രയോ നദികള്‍ എന്നില്‍ വിലയം പ്രാപിക്കുന്നുണ്ടെന്ന് നിനക്കറിയാമോ ?’
‘എന്നിലേക്ക് എത്തിയവരോളം കാണില്ല. പുരുഷന്മാരുടെയത്ര നദികള്‍ കാണുമോ...മാത്രമല്ല എന്നേ വിഴുങ്ങിയാല്‍ അങ്ങും മലിനപ്പെടും.’
‘നദികള്‍ തള്ളുന്ന നഗരമാലിന്യങ്ങളാല്‍ ഞാന്‍ എന്നേ മലിനപ്പെട്ടു കഴിഞ്ഞു. അതിനാല്‍ നിന്നെ ഞാന്‍ സ്വീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്ത് ഇറങ്ങിക്കോളൂ...’
അവള്‍ കടല്‍ പറഞ്ഞതനുസരിച്ചു
തര്‍പ്പണം ചെയ്ത് കഴിഞ്ഞപ്പോഴേക്കും കടല്‍ തിരക്കൈകള്‍ നീട്ടി അവളെ മാറോടണച്ചു.
അപ്പോള്‍ കടലിന്റെ ഇരമ്പല്‍ വക്കുകള്‍ പോലെ തോന്നിച്ചു-
‘പാപോഹം..... പാപകര്‍മ്മോഹം...’