പതനം

തു പതനകാലം

ഇടത്തോടി വലത്തോടി
നടുവിലെത്തുമ്പോള്‍
നടുവേ ഓടരുതെന്ന് നിയമം.
ഒന്നുകില്‍ ഇടത്
അല്ലെങ്കില്‍ വലത്.

അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍
വശം മാറാം, അതുവരെ
കിതച്ചുകൊണ്ടോടണം
കൊടിയുയര്‍ത്തി, പൊടി പടര്‍ത്തി
അന്തമില്ലാത്ത ഓട്ടം.
ആര്‍ക്കുവേണ്ടിയാണ് നാമോടുന്നത്
നമ്മുടെ അന്തകന്മാര്‍ക്കു വേണ്ടിയോ..?

വയ്യ,
പാപക്കറ പുരണ്ട ചൂണ്ടുവിരല്‍
തിരിഞ്ഞു ചൂണ്ടി തുടങ്ങിയിരിക്കുന്നു,
തെറ്റുകാരന്‍ നീയാണെന്ന്.
ശരിയാണ് ആ വിരല്‍ കൊണ്ട്
ഞാനാണല്ലോ ബട്ടണിലമര്‍ത്തിയത്.

എതിര്‍ക്കരുത്,
എതിര്‍ത്താല്‍ അരാഷ്ട്രീയ വാദി.
എതിര്‍ക്കുന്നത്
അരാഷ്ട്രീയം ഏകാധിപത്യത്തില്‍
ചെന്നവസാനിക്കുമെന്നറിയാഞ്ഞിട്ടല്ല.
ഏകാധിപതികളുടെ ഒരു കൂട്ടമാണല്ലോ
നമ്മേ ഭരിക്കുന്നത്.

അറേബ്യന്‍ വസന്തത്തിന്റെ
ഇടിമുഴക്കങ്ങള്‍ ഭാരതത്തിലും എത്തുമോ?
അവിടെ ഏകാധിപതികള്‍,
ഇവിടെ ജനാധിപതികള്‍.
രണ്ടും ജനങ്ങളുടെ മേലുള്ള ആധിപത്യം.

ഇതു പതനകാലം
ഒന്നുകില്‍ അവരുടെ,
അല്ലെങ്കില്‍ നമ്മുടെ.


btemplates

15 അഭിപ്രായങ്ങള്‍:

മുല്ല said...

നല്ല ചിന്തകള്‍.ഇന്നത്തെ കാലത്ത് അരാഷ്ട്രീയവാദിയാകാനും പറ്റില്ല. ഇപ്പഴെ ഇവര്‍ക്കൊക്കെ ഏകാതിപതികളുടെ സ്വരവും ഭാവമുമാണു. എന്തെങ്കിലുമായ്ക്കോട്ടേന്നു വിചാരിച്ച് നമ്മള്‍ മിണ്ടാതിരുന്നാല്‍ തലയും കൊണ്ട് പോകും.

ആശംസകള്‍ സുഹൃത്തേ..

Lipi Ranju said...

ശരിയാണ് പാപക്കറ പുരണ്ട ചൂണ്ടുവിരല്‍ കൊണ്ട് ബട്ടണിലമര്‍ത്തി നമ്മളാണല്ലോ അഞ്ചു കൊല്ലം കൂടുമ്പോള്‍ ഇവരെയൊക്കെ മാറി മാറി ജയിപ്പിച്ചു വിടുന്നത് ...
കവിത ഇഷ്ടായി സുഹൃത്തേ...

khaadu.. said...

ഇടത്തോടി വലത്തോടി
നടുവിലെത്തുമ്പോള്‍
നടുവേ ഓടരുതെന്ന് നിയമം.
ഒന്നുകില്‍ ഇടത്
അല്ലെങ്കില്‍ വലത്.

രണ്ടിന്റെയും ഇടയില്‍ ഗതി കിട്ടാതെ ഓടുന്ന കഴുതകള്‍...പൊതുജനം..

കവിത നന്നായിട്ടുണ്ട്...
സുഹൃത്തിന് ഭാവുകങ്ങള്‍...

Kattil Abdul Nissar said...

വായിച്ചു.
കവിതകള്‍ ,വാക്കുകള്‍ക്കുള്ളില്‍,വാക്കുക്കള്‍ക്കുള്ളില്‍ പിന്നെയും വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുന്നതാവണം .
ചുള്ളിക്കാട് ഈയിടെ ബ്ലോഗില്‍ എഴുതിയ ഒരു കവിതയുടെ ഒരു വരി കണ്ടോ.'പട്ടി പെറ്റു കിടക്കുന്ന മനസ്സുമായ്‌ . ഇതിനു നാം വ്യാഖ്യാനം കൊടുക്കും ,വായനയ്ക്ക് ശേഷമുള്ള അനന്തമായ നിമിഷങ്ങളില്‍ .എങ്കിലും അര്‍ഥം അപൂര്‍ണ്ണ മായി കിടക്കും . അതാണ്‌ കവിതയുടെ ഒരു പ്രത്യേകത.

Vipin K Manatt (വേനൽപക്ഷി) said...

നല്ല കവിത. സത്യമാണ് എതിര്‍ത്താല്‍ നാം അരാഷ്ട്രീയവാദിയായി മുദ്ര കുത്തപ്പെടും. ഇങ്ങനെ തന്നെ പോകാം. നമ്മുടെ ആശയങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്‌ ആരാണോ അവര്‍ക്ക് കൂടെ നില്‍ക്കാം. അല്ലാതെന്തു ചെയ്യാം?.

Arunlal Mathew || ലുട്ടുമോന്‍ said...

ഇടത്തോടി വലത്തോടി
നടുവിലെത്തുമ്പോള്‍
നടുവേ ഓടരുതെന്ന് നിയമം.
ഒന്നുകില്‍ ഇടത്
അല്ലെങ്കില്‍ വലത്...

എതിലെ ഓടിയാലും വല്ല്യ ഗുണമൊന്നുമില്ല...

anamika said...

വളരെ നന്നായിട്ടുണ്ട്... ഓടരുതമ്മാവാ ആളറിയാം!!! എന്ന് പണ്ട് പ്രിയദര്‍ശന്‍ പറഞ്ഞത് സത്യം ;-)

mash said...

പാപക്കറ പുരണ്ട ചൂണ്ടുവിരല്‍ തിരിഞ്ഞു ചൂണ്ടി തുടങ്ങിയിരിക്കുന്നു...!!

kochumol(കുങ്കുമം) said...

കവിത കൊള്ളാം ...ഇടത് ആയാലും വലത് ആയാലും വിഡ്ഢികളാക്കുന്നത് അവരെ പിന്താങ്ങുന്ന ജനങ്ങളെ തന്നെ അല്ലെ ...മനുഷ്യന്ടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടുതുടങ്ങുന്നു ...ഒക്കെ കണ്ടുകൊണ്ടിരിക്കാന്‍ മാത്രമേ പൊതുജനത്തിനു പറഞ്ഞിട്ടുള്ളൂ ..

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

ഈപുതു മഴ നനയുന്നത് ആദ്യം.....കവിത നന്നായി ഉള്‍കൊണ്ടു...വരുമായിരിക്കും നമ്മുടെ നാട്ടിലും മാറ്റ ത്തിന്‍റെ
ഒരു പിച്ചകപ്പൂക്കാലം......ആശംസകള്‍....[എന്‍റെ മുറ്റത്തേക്കു സ്വാഗതം ]

സ്വന്തം സുഹൃത്ത് said...

നാറാണത്ത് ഭ്രാന്തന്‍ പറഞ്ഞ പോലെ ഇടത്തെകാലിലെ മന്ത് എടുത്ത് വല ത്തേക്കാലിലും പിന്നെ തിരിച്ചും..... മാത്രം മാറ്റാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍... നല്ല കവിത!

K@nn(())raan*കണ്ണൂരാന്‍! said...

>> ശരിയാണ് ആ വിരല്‍ കൊണ്ട്
ഞാനാണല്ലോ ബട്ടണിലമര്‍ത്തിയത്.<<

വേണ്ടാത്തപണിക്ക് പോയിട്ട് ഇപ്പം കിടന്ന് നിലവിളിക്കുന്നോ!
പ്രതിഷേധം കലക്കി.
എന്നുകരുതി DYFIക്കാരുടെ തല്ല് വരുമ്പോള്‍ കണ്ണൂരാനോടും!
ഹഹഹാ!

അവന്തിക ഭാസ്ക്കര്‍ said...

ഇടതും വലത്തും ഓടി മടുത്തിരിക്കുന്നു, പക്ഷെ തിരിഞ്ഞോടാനും നടുവേ ഓടാനും , ഓടാതിരിക്കാനും വയ്യല്ലോ?
ശരിയാണ്, പാപക്കറ പുരണ്ട ചൂണ്ടുവിരല്‍ നമ്മെ തന്നെയാണ് ചൂണ്ടുന്നത്! പക്ഷെ ... വഴി മുട്ടിയിരിക്കുന്നു,
പുതിയൊരു വഴി തുറക്കേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ ഇത് നമ്മുടെ പതനകാലം തന്നെയാകും!! -അവന്തിക ഭാസ്കര്‍

MUHAMMED SHAFI said...

ആട്ടിൻ തോലിട്ട ചെന്നായകളെയാണ് ഏകാതിപതികളെക്കാൾ വേഗത്തിൽ പൊതുജനമദ്ധ്യത്തിൽ കഴുവിലേറ്റേണ്ടത്.. അങ്ങനെയാകുമ്പോൾ ഭാരതത്തിൽ നിന്നു തന്നെ തുടങ്ങണം.. നല്ലൊരു ചിന്തക്ക് നന്ദി..!

മനു അഥവാ മാനസി said...

ഈ വഴി ആദ്യമാണ്,വായിച്ചു കൊണ്ടിരിക്കുന്നു..ആശംസകള്‍ സുഹൃത്തേ....

Post a Comment