നിരത്തുകള്‍ അവസാനിക്കുന്നത്..

നിമൃതികളില്ലാത്ത മഴ തിമര്‍ത്തു പെയ്യുകയാണ്. പാറക്കഷണങ്ങള്‍ വീഴും പോലെ മഴത്തുള്ളികള്‍ ഓടിന് പുറത്ത് വീണ് ശബ്ദമുണ്ടാക്കി. വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിനെ വകവെയ്ക്കാതെ അയാള്‍ ജനല്‍ തുറന്നിട്ടു. വെളിയിലെ കൂരിരുട്ടിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ അയാളില്‍ അയാളറിയാതെ തന്നെ വികാരങ്ങള്‍ നുരയിടുകയായിരുന്നു.

തിരികെ വീണ്ടും കട്ടിലില്‍ തണുത്ത കാറ്റുമേറ്റിരിക്കുമ്പോള്‍ വികാരം വിചാരങ്ങള്‍ക്ക് വഴി മാറി. അല്ലെങ്കില്‍ത്തന്നെ ഒരു സൈനികന്റെ മനസ്സില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണെല്ലോ പറയാറ്.

‘ലേഖേ... ലേഖേ .. ഒന്നെഴുന്നേറ്റേ... ‘സുഖനിദ്രയിലായിരുന്ന ഭാര്യയെ അയാള്‍ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടെ അവളെഴുന്നേറ്റ് അയാളെ നോക്കി. എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലായില്ല.


‘അടുത്താഴ്ച എന്റെ ലീവ് തീരുകയല്ലേ... അമ്മയെ ഈ അവസ്ഥയില്‍ കണ്ടുകൊണ്ട് എങ്ങനെ ഞാന്‍ തിരിച്ചുപോകും.’

 അയാള്‍ക്ക് പട്ടാളത്തിലാണ് ജോലി. അമ്മയ്ക്ക് അസുഖം കൂടുതലാണെന്നുള്ള ഭാര്യയുടെ ടെലഗ്രാം കിട്ടിയാണ് നാട്ടില്‍ വന്നത്.

‘കൂടിയാല്‍ ഒരാഴ്ചയെന്നല്ലേ ഡോക്ടര്‍ പറഞ്ഞത് ചേട്ടന്റെ ലീവ് തീരും മുന്നേ...’ ലേഖ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

‘സാവിത്രിയമ്മ അടുക്കല്‍ തന്നയില്ലേ...’

‘ഉവ്വ്... ഒരുമാസമായി അവര്‍ വീട്ടില്‍ പോയിട്ട്. അസുഖം കൂടിയതീപ്പിന്നെ അമ്മേടടുക്കേന്ന് മാറീട്ടില്ല..’ അതുപറഞ്ഞിട്ട് അവള്‍ വീണ്ടും കിടക്കുവാന്‍ ഭാവിച്ചു.

ഒരുമാസം കൊണ്ടവള്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. സാവിത്രിയമ്മ അടുക്കളയില്‍ നിന്ന് അമ്മയുടെ അടുത്തേക്ക് മാറിയതുമുതല്‍ വീട്ടുജോലികളും, കുട്ടിയെനോക്കലും പശു, കോഴി തുടങ്ങിയ സഹജീവികളെ തീറ്റിപ്പോറ്റലും എല്ലാം  ഒറ്റയ്ക്ക് ചെയ്യണം. എന്തിന് അയാള്‍ വന്നിട്ട് ഒരാഴ്ചയായിട്ടുകൂടി അവള്‍ക്ക് അല്പനേരം അയാളോടൊന്ന് അടുത്തിരിക്കാന്‍ കൂടി സമയം കിട്ടിയിട്ടില്ല. യാന്ത്രികമായിപ്പായുന്ന ഒരുനാഗരിക വാഹനം പോലെയായി അവളുടെ ജീവിതം. ഓരോനിരത്തും അവസാനിക്കുന്നത് മറ്റൊരു നിരത്തില്‍. അല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത നിരത്തുപോലെ. അപകടങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിച്ച് വാഹനം ഓടിക്കുവാന്‍ അവള്‍ എന്നേ പഠിച്ചുകഴിഞ്ഞു. അയാള്‍ക്ക് ഭാര്യയോട് പറഞ്ഞറിയിക്കാനാവാത്ത സഹതാപം തോന്നി. അവളുടെ കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് ഒരുനിസ്സഹായതപോലെ വ്യാപിച്ചിരിക്കുന്നു. അവളും മറ്റെല്ലാവരേയും പോലെ തന്നെ മാറ്റങ്ങളുടെ ശക്തമായ ഒഴുക്കില്‍പ്പെട്ടിരിക്കുന്നു.

‘പുറത്ത് നല്ല മഴ പെയ്യണൊണ്ടല്ലേ...?’ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അയാളോട് അവള്‍ ചോദിച്ചു.


‘ഉവ്വ്, സുഖകരമായ മഴ...’

‘ഉം.. നശിച്ച മഴ. വരാന്തയിലെല്ലാം വെള്ളം കയറിക്കാണും.’ അവള്‍ പിറുപിറുത്തു.

ഒരിടവേളയില്‍ ദുര്‍ബലമായ മഴ വീണ്ടും ശക്തമായി. ആ മഴ ഭാര്യയിലും ഭര്‍ത്താവിലും വ്യത്യസ്ത വികാരങ്ങളാണുണര്‍ത്തിയത്. അയാളപ്പോഴും കട്ടിലില്‍ത്തന്നെ ഇരിക്കുകയായിരുന്നു. അവളാകട്ടെ വീണ്ടും ഉറക്കത്തെ പുണരുവാന്‍ കണ്ണുമടച്ചു കിടന്നു.


‘മോനുറങ്ങിയോ....’അയാളുടെ ചോദ്യത്തിന് അവളില്‍ നിന്ന് മറുപടിയുണ്ടായില്ല.

‘ഇത്രയും ദിവസമായിട്ടും എന്നോടവന്‍ അടുത്തില്ലല്ലോ...’

‘സുധേട്ടനെ ആദ്യമായി കാണുകയല്ലേ. പതുക്കയേ അവന്റെ പേടി മാറുകയുള്ളു..’ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുകൊണ്ട് അവള്‍ പറഞ്ഞു.

ശ്വാസം പിടിച്ചും വാശിപിടിച്ചും കരയുന്ന ഒരു കുട്ടിയേപ്പോലെ ഏറിയും കുറഞ്ഞും പെയ്യുകയാണ് മഴ. രാത്രിയില്‍ പെയ്യുന്ന മഴ അയാള്‍ക്ക് എന്നും ആവേശമായിരുന്നു. മാനത്ത് മഴക്കാറുകള്‍ ഉരുണ്ടുകൂടുമ്പോള്‍ കുട്ടിക്കാലത്തയാള്‍ മയിലിനെപ്പോലെ സന്തോഷവാനാകും.


‘നനയല്ലേ കുട്ടാ പനിപിടിക്കും’ചാറ്റല്‍ മഴയിലേക്ക് ഓടിയിറങ്ങുമ്പോള്‍ അമ്മ സ്നേഹത്തോടെ ശാസിക്കും. ചേച്ചിയുടെ നോട്ട് ബുക്കിലെ താളുകള്‍ കീറിയെടുത്ത് വള്ളമുണ്ടാക്കി കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലിടുമ്പോള്‍ അച്ഛന്‍ വഴക്കുപറയും. കുട്ടിക്കാലവും നടുമുറ്റത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഓടിക്കളിക്കുന്ന കുട്ടിയുമെല്ലാം അയാളില്‍ ഒരു നിമിഷം ഓടിയെത്തി.

മഴയുടെ തണുപ്പ് അസ്ഥികളിലേക്ക് അരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഇരിപ്പ് മതിയാക്കി അവള്‍ക്കരികിലേക്ക് ചേര്‍ന്നു കിടന്നു. അയാളുടെ ചുടുനിശ്വാസം അവളുടെ നഗ്നമായ കഴുത്തില്‍ തട്ടി അയാളുടെ മുഖത്തേക്ക് തന്നെ വന്നു. അവളുടെ ദേഹത്തെ വിയര്‍പ്പിന്റെ മണം ഒരു പ്രലോഭനമായി അയാളില്‍ വളര്‍ന്നു. അയാള്‍ ഭാര്യയെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. തന്റെ കൈവിരലുകള്‍ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നിട്ടും അവളില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടാകാതിരുന്നപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ അയാള്‍ പറഞ്ഞു- ‘ഇതു പോലെ മഴ പെയ്യുന്നതായിരുന്നു നമ്മുടെ ആദ്യ രാത്രിയും...’

ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ജീവിതത്തില്‍ ‍പ്രസക്തിയുള്ളതിനാലാവാം അവള്‍ അയാള്‍ക്കഭിമുഖമായി തിരിഞ്ഞു കിടന്നു. ചുമര്‍ഘടികാരത്തില്‍ മണി പന്ത്രണ്ട് അടിച്ചു. സെക്കന്റ് സൂചി പിന്നെയും അതിവേഗം മുന്നോട്ടോടി. മഴയുടെ ആരവവും ശ്വാസനിശ്വാസങ്ങളുമല്ലാതെ മറ്റൊന്നും കേള്‍ക്കുവാനില്ല. ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന കുതിരകളുടെ ചിത്രം കാറ്റടിച്ച് ആടിക്കൊണ്ടിരുന്നു. വീടിന് പുറത്ത് മഴത്തുള്ളികള്‍ ഭൂമിയെപ്പുണരുകയാണ്. വസന്താരംഭത്തിന്റെ ഇടിമുഴക്കങ്ങളും കാറ്റും അവരുടെ സമാഗമത്തിന് അരങ്ങൊരുക്കുന്നു. സൂര്യനെ ചുറ്റുന്ന പ്രയാണത്തിനിടയിലും ഈ സമാഗമത്തിന് കാത്തിരിക്കുകയാണ് ഭൂമി, വീണ്ടും ഒരു വസന്തത്തിനായ്.


പെട്ടന്ന് ആഞ്ഞുവീശിയ കാറ്റില്‍ വല്ലാത്ത് ശബ്ദത്തോടെ ജനല്‍ അടഞ്ഞു തുറന്നു. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടി ഉണര്‍ന്ന് ഭയപ്പാടോടെ കരയാന്‍ തുടങ്ങി. അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നതേയുള്ളു. വാതിലില്‍ ആരോ മുട്ടുന്നു. പ്രതികരണം ഉണ്ടാവാത്തതിനാലാവാം മുട്ടലിന്റെ ശക്തിക്കുടിക്കൂടി വന്നു. അയാളാറിയാതെ തന്നെ എഴുന്നേറ്റുപോയി ഒപ്പം അവളും.


വാതില്‍ തുറന്നു നോക്കുമ്പോള്‍ കത്തിച്ചുപിടിച്ച വിളക്കുമായി സാവിത്രിയമ്മ. ലേഖ വാതലിന് മറഞ്ഞു നിന്ന് അഴിഞ്ഞുപോയ വസ്ത്രങ്ങളെടുത്തു ധരിച്ചു. ദൈന്യത തളം കെട്ടിയ സാവിത്രിയമ്മയുടെ മുഖത്തുനിന്നും വാക്കുകള്‍ വിറച്ച് വിറച്ച് പുറത്ത്ചാടി.

‘അമ്മ... അമ്മ.... പോയി...’

കാലാതിവര്‍ത്തിയായ മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു.
------------------------------------------------------------------------------------------------------------------------------

സമാന്തര മാസികകളുടെ പുഷ്കലകാലമായിരുന്ന തൊണ്ണൂറുകളില്‍ തൃശ്ശൂരിലെ ചക്കരപ്പാടത്തുനിന്നും ശ്രീ. റഷീദ് ചക്കരപ്പാടത്തിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ‘വിജ്ഞാനവീഥി’ മാസികയുടെ 1998 ജൂലയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കഥ. പിന്നീട് അവനവന്‍ പ്രസാധകനായിമാറിയ ബ്ലോഗേനകളുടെ ആരംഭകാലത്ത് 2007 ഡിസംബറില്‍ ‘പെയ്തൊഴിയാതെ ഒരു മഴ’ എന്ന പേരില്‍ ഇതേ ബ്ലോഗില്‍ അവതരിപ്പിച്ചു. അന്ന് ബ്ലോഗ് പ്രൊമോഷനേക്കുറിച്ച് അറിവില്ലാതിരുന്നത് കൊണ്ടും, സമയക്കുറവ് കൊണ്ടും എന്റെ ബ്ലോഗിന്റെ തട്ടിന്‍ പുറത്ത് ഇത് പൊടിപിടിച്ചു കിടന്നു. എല്ലാവരുടേയും വായനക്കായി ഒരു റീ പോസ്റ്റ്. ഇത് വായിച്ച് അഭിപ്രായം എഴുതുന്നത് എനിക്കും നിങ്ങള്‍ക്കും അത് വായിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു പക്ഷേ പ്രചോദനമായി ഭവിച്ചേക്കാം.

btemplates

16 അഭിപ്രായങ്ങള്‍:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല രചന.ഹൃദ്യമായ ഭാഷ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായിരിക്കുന്നു പക്ഷെ വായിച്ചപ്പോള്‍ എന്തോ ഒരു വല്ലായിമ

khaadu.. said...

നന്നായിട്ടുണ്ട് മാഷേ...

ഇനിയും ഒരുപാട് കഥകള്‍ക്ക് മഷി പുരളാന്‍ ഭാഗ്യമുണ്ടാവട്ടെ...

ആശംസകള്‍...

വേണുഗോപാല്‍ said...

നല്ല കഥ മനോജ്‌ ...
ഇനിയും പഴയത് വല്ലതും ഉണ്ടെങ്കില്‍ പോസ്ടായി ഇടൂ ... ആഖ്യാന രീതി ഏറെ ഇഷ്ടമായി ....
ആശംസകള്‍

anupama said...

പ്രിയപ്പെട്ട മനോജ്‌,
മനസ്സില്‍ വല്ലാതെ വിങ്ങലുണ്ടാക്കിയ കഥ...!രചനാപാടവം അഭിനന്ദനം അര്‍ഹിക്കുന്നു.
ജീവിത സത്യങ്ങള്‍ വളരെ തെളിമയോടെ തന്നെ എഴുതി !ആശംസകള്‍!
സസ്നേഹം,
അനു

പൊട്ടന്‍ said...

മനോജേ,
ഇത് തന്‍റെ, അല്ലാ ബ്ലോഗില്‍ വായിച്ച മിച്ച വിരലിലെണ്ണാവുന്ന കഥകളില്‍ ഒന്നാണ്. തനിക്ക് ഇപ്പോഴെങ്കിലും പോസ്റ്റാന്‍ തോന്നിയല്ലോ.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

മനോജ്, കഥ പറച്ചിലിന്റെ രീതി ഇഷ്ടായി (എന്റെ ശൈലിയോട് ഏറെ സാദൃശ്യമുണ്ട് :-)) കഥയും മനോഹരം. ഇനിയും വരാം ഞാന്‍. പുതിയ പോസ്റ്റ് അറിയിക്കുമല്ലോ. :-)

Sreejith EC said...

വളരെ വളരെ വളരെ നല്ല ഒരു രചന മനോജ്‌...

Typist | എഴുത്തുകാരി said...

അമ്മയേപ്പറ്റി ഒരു കവിത ഇപ്പോൾ വായിച്ചതേയുള്ളൂ. ഇവിടെ വന്നപ്പോഴും അമ്മ. അമ്മയുടെ സ്നേഹം അധികകാലം കിട്ടാൻ എനിക്കു ഭാഗ്യമുണ്ടായില്ല.

kochumol(കുങ്കുമം) said...

കഥ പറയുന്ന ശൈലി നന്നായി ...കഥ ഇഷ്ടായിട്ടോ......

Lipi Ranju said...

കഥ ഇഷ്ടായിട്ടോ .. 'നിരത്തുകള്‍ അവസാനിക്കുന്നത് ' എന്ന പേര് മാത്രം പിടി കിട്ടിയില്ല!

എരമല്ലുര്‍ സനില്‍ കുമാര്‍ said...

മനോജ്‌ കഥവായിച്ചു.വളരെയധികം ഇഷ`ടമായി

Satheesan .Op said...

അവതരിപ്പിച്ച രീതി ഇഷ്ടായി ..
പക്ഷെ ഒരു വല്ലായ്മ എനിക്കും തോന്നി ..
ആശംസകള്‍ .

നികു കേച്ചേരി said...

കൈയടക്കമുള്ള ഭാഷ...ശ്രമിച്ചാൽ ഇനിയും നന്നാക്കാൻ കഴിയും..
ആശംസകൾ.

മനോജ് കെ.ഭാസ്കര്‍ said...

@ പഞ്ചാരകുട്ടന്‍ -malarvadiclub,
@ Satheesan .Op
വിരഹവും, രതിയും, മാതൃത്വവും, മരണവും ഒരുമിച്ചു വരുന്നതുകൊണ്ടാകാം വല്ലായ്ക് തോന്നുന്നത്.

മനോജ് കെ.ഭാസ്കര്‍ said...

@ Lipi Ranju
‘പെയ്തൊഴിയാതൊരു മഴ’ എന്നപേരിലായിരുന്നു 2007ല്‍ ഈ കഥ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. അതു തന്നെയായിരുന്നു ഇതിന് ഏറ്റവും അനുയോജ്യമായിരുന്നതും. റീ പോസ്റ്റ് ചെയ്തപ്പോള്‍ മുന്‍പ് മാസികയില്‍ പ്രസിദ്ധീകരിച്ച അതേ തലക്കെട്ട് തന്നെ നല്‍കുകയായിരുന്നു.
“ഓരോനിരത്തും അവസാനിക്കുന്നത് മറ്റൊരു നിരത്തില്‍. അല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത നിരത്തുപോലെ“. ഇതും അങ്ങനെ തന്നെയല്ലേ ഒരു സംഭവം അവസാനിക്കുന്നത് മറ്റൊരു സംഭവത്തില്‍...

Post a Comment