27 അഭിപ്രായങ്ങള്‍

കൊക്കിരിക്കപ്പാടോം കുഞ്ഞാണ്ടീടെ തോപ്പും (പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ കഥ)

“ജയാമ്മേ... ഒന്നിറങ്ങി വരണേ മോക്ക് നല്ലൊരാലോചനയുമായാ ഞാന്‍ വന്നേ...”

“ന്റെ കാര്‍ത്യായനിയമ്മേ നിങ്ങക്ക് വേറെ എവിടെങ്കിലും പോയി ആലോചിക്കരുതോ... എന്തിനാ വെറുതേ സമയം കളയണേ...”

“മോക്ക് പ്രായം ഇരുപത് കഴിഞ്ഞു. സാറെന്തിയെ ഇതൊരു നല്ല ആലോചനയാ...”

“ഓ... സാറ് രാവിലെ തന്നെ കര്‍ഷക കൂട്ടായ്മയോ പെന്‍ഷണേഴ്സ് സമ്മേളനമോ എന്നൊക്കെപ്പറഞ്ഞ് എറങ്ങീട്ടുണ്ട്. പിന്നെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടില്ലേ മനൂന്റെ കല്യാണം കഴിയാതെ മീനൂന്റേത് നടക്കില്ലെന്ന്...”

“ഓ.. പിന്നേ മനൂന്റെ സ്ത്രീധനം വാങ്ങീട്ടു വേണ്ടേ നിങ്ങക്ക് മോടെ കല്യാണം നടത്താന്‍. അവനാണെങ്കില്‍ സര്‍ക്കാര്‍ ജോലി കിട്ടീട്ടേ കല്യാണം കഴിക്കൂവെന്ന നിര്‍ബന്ധത്തിലും. എത്ര നല്ല ആലോചനകള്‍ ഞാന്‍ ചെക്കനുവേണ്ടി കൊണ്ടുവന്നതാ...”

“കാര്‍ത്യായനിയമ്മയ്ക്ക് അറിയില്ലേ ഇവിടെ മീനൂന് സ്ത്രീധനം കൊടുക്കാന്‍ കൊക്കിരിക്കപ്പാടോം കുഞ്ഞാണ്ടീടെ തോപ്പും പോലുമില്ലെന്ന്... സാറ് ഗാന്ധിയനായതുകൊണ്ട് പെന്‍ഷന്‍ മാത്രം മിച്ചമുണ്ട്.”

“ഗാന്ധിയനായാല്‍ മാത്രം പോരാ ഗാന്ധിയെ വാങ്ങിക്കാനുള്ള മിടുക്കും വേണം. അതൊക്കെപ്പോട്ടെ എന്തിയേ നമ്മുടെ കഥാനായകന്‍ മനു. കൈയ്യുടെ പ്ലാസ്റ്ററൊക്കെയെടുത്തോ..”

“ഊം.. ഇന്നലെ എടുത്തു. ഇപ്പഴും കൈയ്യൊടിഞ്ഞ ക്ഷീണത്തിലാ എണ്ണീറ്റിട്ടില്ല. അപ്പം കാര്‍ത്യായനിയമ്മ ഇപ്പം പോ എനിക്ക് പിടിപ്പത് പണിയുണ്ട്. മീനുവാണെങ്കില്‍ കോളേജീന്ന് വൈകുന്നേരമേ വരികേമുള്ളു...”

കാര്‍ത്യായനിയമ്മ പുറത്തേക്കും ജയാമ്മ അകത്തേക്കും നടന്നു. കഥാനായകനായ ഞാന്‍ ഇതെല്ലാം കേട്ട് അകത്ത് കട്ടിലില്‍ അര്‍ദ്ധ ശയനത്തില്‍.

“കട്ടിലും കെട്ടിപ്പിടിച്ചു കിടന്നോ.. ഒരുപണിക്കും പോകണ്ടല്ലോ...”

ഓ.. ജയാമ്മ ഇങ്ങു വന്നു കഴിഞ്ഞു. ഞാനുണ്ടോ ഇതൊക്കെ കേട്ട് കുലുങ്ങുന്നു. ഇടതുവശത്തു നിന്ന്  വലതുവശത്തേക്ക് ചരിഞ്ഞു കിടന്ന് പ്രതികരിച്ചു. ജയാമ്മയുടെ കാലൊച്ച അടുക്കളയിലേക്ക് പോയി. ഇനി ഉച്ചവരെ ശല്യം ഉണ്ടാവില്ല.

“ഒരു രജിസ്ട്രേഡുണ്ടേ....”

ദൈവമേ പോസ്റ്റ് മാന്‍ രാവിലെ വരാന്‍ തുടങ്ങിയോ. സംശയം തീര്‍ക്കാന്‍ മൊബൈല്‍ എടുത്ത് സമയം നോക്കി. മണി പതിനൊന്നര.

“ആര്‍ക്കാ....” ജയാമ്മയുടെ ചോദ്യം അടുക്കളയില്‍ നിന്ന് ഉച്ചത്തില്‍ മുഴങ്ങി.

“മനുവിനാ...” പോസ്റ്റുമാന്റെ സൌമ്യ സ്വരം. കട്ടിലില്‍ നിന്ന് ചാടിയെണ്ണീറ്റതും ഉമ്മറത്തെത്തിയതും നൊടിയിടയില്‍.

“എന്തുവാ സാറേ...”

“അപ്പോയിന്റ്മെന്റ് ഓര്‍ഡറാന്നു തോന്നുന്നു..”

നിന്ന നില്‍പ്പില്‍ ഉയിരോടെ സ്വര്‍ഗാരോഹണം ചെയ്ത പ്രതീതി. വിറക്കുന്ന കൈകളോട് രജിസ്ട്രേഡ് ഒപ്പിട്ടു വാങ്ങി. ഇന്നേക്ക് പതിനഞ്ചു ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കുക.

“അമ്മേ... ദേ എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍... കണ്ടോ ഞാന്‍ നിയമന നിരോധനത്തിനെതിരെ സമരം ചെയ്യാന്‍ പോയി പോലീസിന്റെ അടികൊണ്ട് കൈയ്യൊടിഞ്ഞ്  വന്നപ്പോള്‍ നിങ്ങളൊക്കെ എന്താ പറഞ്ഞേ... ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല നിനക്ക് കിട്ടിയത് കിട്ടിയത് തന്നെ എന്ന് ഇല്ലേ... എന്തിയേ അച്ഛന്‍ ഒന്നു പറഞ്ഞേക്ക് എനിക്ക് ജോലി കിട്ടിയെന്ന് അച്ഛന്റെ കൂട്ടുകാരനോടും വിളിച്ചു പറയാന്‍ പറ എനിക്ക് ജോലികിട്ടിയെന്ന്.. അയാടെ കീഴിലല്ലേ ഞാന്‍ ഇത്രേം നാളും ജോലി ചെയ്തത്. എന്റെ കൈയ്യൊടിഞ്ഞപ്പോള്‍ അയാളെന്താ പറഞ്ഞത് പ്ലാസ്റ്ററെടുക്കുന്നവരെയൊന്നും ലീവ് തരാന്‍ പറ്റില്ല ഞാന്‍ വേറെ ആളെ എടുത്തെന്ന്..”

“എന്തുവാടാ കിടന്ന് ബഹളം വയ്ക്കുന്നത്....” അയ്യൊ അച്ഛന്‍. ഇതെത്രപെട്ടന്ന് എവിടുന്നു വന്നു.

“അച്ഛാ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍...”

“അതിനെന്താ ഇത്രകണ്ട് നെഗളിക്കാന്‍. കവലേവെച്ച് പോസ്റ്റ് മാന്‍ എന്നോട് പറഞ്ഞു. നാളെത്തന്നെപോയി ജോയിന്‍ ചെയ്തോ വേണമെങ്കില്‍ ഞാനും കൂടെവരാം......”

“അല്ലച്ഛാ പതിനഞ്ചു ദിവസത്തിനുള്ളില്‍ മതി. ഇന്ന് ഇരുപത്തിയെട്ടാം തീയതിയല്ലേ. കോണ്ടാക്ട് സര്‍ട്ടിഫിക്കേറ്റ് വാങ്ങിക്കണം മെഡിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കേറ്റ് വാങ്ങിക്കണം അതിനൊക്കെ കുറച്ച് ദിവസം എടുക്കത്തില്ലേ....”

“മകനേ... അപ്പോയിന്റ്മെന്റ് ഓര്‍ഡറിന് മുന്‍പ് പിഎസ്സിയുടെ അഡ്വൈസ് മെമ്മോ എന്നുപറഞ്ഞൊരു സാധനം വരും. അതെന്റെ കൈയ്യീ പത്തിരുപത് ദിവസം മുന്നേ കിട്ടി. അതിനുശേഷം നീയീ പറഞ്ഞ സാധനങ്ങളൊക്കെ തയ്യാറാക്കി വെച്ചിട്ടുണ്ട് അതുംകൊണ്ടങ്ങ് പോയാ മതി..”

ഇതൊക്കെ ആരറിഞ്ഞു. ഇനിവേറൊരു നമ്പരിട്ടു നോക്കാം.

“ശരിയച്ഛാ എന്നാ ഒന്നാഒ തീയതി പോകാം...”

“വേണ്ടാ നാളെ ഇരുപത്തിയൊന്‍പത് ഈ മാസത്തെ അവസാന ദിവസം. നാളെ തന്നെ നീ ജോയിന്‍ ചെയ്യണം. കാരാണമെന്താണെന്നറിയാമോ.. അടുത്ത വര്‍ഷം ഈ മാസത്തെ ഒറ്റ ദിവസം കൊണ്ട് നിനക്ക് ഒരുമാസത്തെ ഇങ്ക്രിമന്റ് കിട്ടും...”

എന്തൊരു കഷ്ടമാണ് ദൈവമേ ഇതൊന്ന് ആഘോഷിക്കാന്‍ പോലും സമയം കിട്ടുകില്ലാന്ന് പറഞ്ഞാല്‍.

“ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന ചെങ്കൊടി......”

മുറിയില്‍ നിന്ന് മൊബൈല്‍ റിങ്ങ് ഉച്ചത്തില്‍ മുഴങ്ങി. യുവജനവിഭാഗം ഏരിയാ സെക്രട്ടറിക്കിട്ടിരിക്കുന്ന അസൈന്‍ ടോണാണ്. ഓടിച്ചെന്ന് മൊബൈല്‍ എടുത്തു.

“ഹലോ...”

“ങ്ഹാ.. മനൂ നമ്മുടെ സമരത്തിന്റെ രണ്ടാം ഘട്ടമായി അടുത്തമാസം പന്ത്രണ്ടാം തീയതി ഒരു കളക്ട്രേറ്റ് മാര്‍ച്ചുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടരുതെന്ന് ആവശ്യപ്പെട്ട്. പോസ്റ്ററും നോട്ടീസും പുറകേയെത്തും. എല്ലാവരോടും റെഡിയായിരിക്കാന്‍ പറയണം....”

“സെക്രട്ടറീ ഒരു സന്തോഷ വാര്‍ത്തയുണ്ട്. എനിക്ക്  അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ വന്നു...”

“വെരി ഗുഡ്... എവിടെ ഏതു ഡിപ്പാര്‍ട്ട്മെന്റിലാ... ഓക്കേ... ഞാന്‍ അവിടുത്തെ നമ്മുടെ യൂണിയന്റെ ബ്രാഞ്ച് കമ്മറ്റിയുമായി ബന്ധപ്പെടാം... അപ്പോ എല്ലാം പറഞ്ഞപോലെ നാളെത്തന്നെ പോയി ജോയിന്‍ ചെയ്തോ.......”


ഇനി ഒരു രക്ഷയുമില്ല നാളെത്തന്നെ ജോയിന്‍ ചെയ്യുക എന്നതുമാത്രമാണ് ഇനി അഭികാമ്യം.


*********************


അങ്ങനെ ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തു. യൂണിയന്‍ നേതാക്കള്‍ സന്നിഹിതരായിരുന്നതിനാല്‍ ഒന്നിനും ഒരു തടസ്സവും ഉണ്ടായില്ല. പെട്ടന്ന് തന്നെ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായി. 


ബജറ്റ് അവതരിപ്പിച്ച ദിവസമാണ്  വീണ്ടും യുവജനവിഭാഗം ഏരിയാ സെക്രട്ടറിയുടെ വിളി വരുന്നത്.


“മനൂ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ നാളെ നമ്മുടെ സമരമാണ് പങ്കെടുക്കണം...”


“സെക്രട്ടറീ... അത് നാളെ ഞങ്ങള്‍ക്കൊരു പ്രോഗ്രാമുണ്ട്....”


“എന്താ അത് യൂണിയന്റെ സമരമൊന്നും നാളെയില്ലല്ലോ...”


“ഇത് സംയുക്തമാണ്....  പെന്‍ഷന്‍ പ്രായം ഒരമ്പത്തെട്ടെങ്കിലുമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്... കാരണം വിരമിക്കല്‍ എകീകരണം എടുത്തുകളഞ്ഞപ്പോള്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് നഷ്ടമാണ് ഉണ്ടായത്. എകീകരണമാണ് ഉണ്ടായിരുന്നതെങ്കില്‍ 2031 മാര്‍ച്ച് 31 നേ ഞാന്‍ പെന്‍ഷനാവുകയുള്ളയിരുന്നു. ഇതിപ്പോ ഏകീകരണം മാറ്റി ഒരുവര്‍ഷം കൂട്ടിയപ്പോള്‍ ഞാന്‍ 2030 മേയ് 30ന് വിരമിക്കണ്ട അവസ്ഥയായി.. അതുകൊണ്ട് സെക്രട്ടറി എന്നോട് പൊറുക്കണം.”


“ഇറ്റ്സ് ഓകേ.. എന്നാ അടുത്തസമരത്തിന് കാണാം....”


 



51 അഭിപ്രായങ്ങള്‍

ഋശ്യശൃംഗന്‍.

 
മീനസൂര്യന്‍ കത്തി ജ്വലിക്കുന്ന ഒരു പകലിലാണ്  ഋശ്യശൃംഗന്‍ ആദ്യമായി ദേവദാസിത്തെരുവ് തേടിയിറങ്ങിയത്. ചൂടിന് കാഠിന്യം കൂടുതലായതിനാല്‍ രഥവും സാരഥിയും വേണ്ടി വന്നു. അല്ലെങ്കില്‍ സ്വന്തം കുതിരപ്പുറത്തേറി ചെല്ലാമായിരുന്നു.

ദേവദാസിത്തെരുവിന്റെ കവാടത്തില്‍ രഥത്തില്‍ നിന്നുമിറങ്ങുമ്പോള്‍ ഋശ്യശൃംഗന്‍ ഓര്‍ത്തത് പണ്ട് താന്‍ വൈശാലിയെ തിരക്കി നടന്നപ്പോള്‍ ലോമപാദമഹാരാജാവിന്റെ സാരഥി പറഞ്ഞ വാക്കുകളാണ്.

“കുമാരാ.. അങ്ങിപ്പോള്‍ അംഗരാജ്യത്തിന്റെ അധിപനാണ്. പ്രജകളുടെ ക്ഷേമമന്വേഷിച്ച് എവിടേയും പോകുന്ന ലോമപാദ മഹാരാജാവു പോലും ആ ദാസ്യാത്തെരുവില്‍ പോയിട്ടില്ല. പ്രജകള്‍ക്കത് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ദേവദാസിയായ മാലിനിയോട് അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം. പിന്നീട് മാലിനിയില്‍ തനിക്കുണ്ടായ പുത്രിയാണ് വൈശാലിയെന്നറിഞ്ഞ് അത്യധികം ഹൃദയ വേദനയോടെയാണ് അങ്ങയെ അംഗരാജ്യത്തെത്തിക്കുവാനുള്ള നിയോഗം അവളെ ഏല്പിച്ചത്. മാലിനിയുടെ പുത്രിയായ വൈശാലിയെ കൊട്ടാരമോ, മഹാരാജാവിന്റെ വളര്‍ത്തു പുത്രിയും അങ്ങയുടെ ഭാര്യയുമായ ശാന്തയോ അംഗീകരിക്കാത്തിടത്തോളം കാലം അങ്ങ് വൈശാലിയെ തേടിച്ചെല്ലുന്നതിന് മറ്റര്‍ത്ഥങ്ങളാണ് ജനങ്ങള്‍ നല്‍കുക. കാലം പുരോഗമിക്കുംതോറും നാട്ടു വ്യവസ്ഥകള്‍ക്കും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്  ഓര്‍ക്കുന്നത് നന്ന്...”

എത്രനാളായി ഋശ്യശൃംഗന്‍ ആശിക്കുന്നതാണ് ഇങ്ങോട്ടൊന്നു വരുവാന്‍. ആരും അനുവദിച്ചില്ല. മഹാരാജാവിന്റേയും രാജഗുരുവിന്റേയും സാരഥിയുടേയുമൊക്കെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ചെങ്കോലും കിരീടവും സ്വന്തമായുണ്ട്. മരവുരിയും കമണ്ഡലവും ഉപേക്ഷിച്ച് അംഗദേശത്തെത്തിയത് ഒരു സ്വപ്നം പോലെയാണിന്നും.


സ്വപ്നാടകനെപ്പോലെ നടന്നു നീങ്ങിയ ഋശ്യശൃംഗനു മുന്നില്‍ തെരുവീഥിയില്‍ ആളുകള്‍ ഒതുങ്ങി നിന്നു. കാലം ചുളിവുകള്‍ വീഴ്ത്തിയ ദേവദാസിപ്പെണ്ണുങ്ങളുടെ മുഖത്ത് ചിരി വിരിയുന്നു. അതിലടങ്ങിയിരിക്കുന്നത് പുച്ഛമോ ആദരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.


ശാന്തയുടെ ജന്മദേശമായ അയോധ്യയില്‍ അവളുടെ പിതാവായ ദശരഥ മഹാരാജാവ്  നടത്തിയ പുത്രകാമേഷ്ടിയാഗത്തിന് മുഖ്യകാര്‍മ്മികനായി പോയപ്പോള്‍ പോലും ഋശ്യശൃംഗന് ഇത്ര മന:സംഘര്‍ഷം ഉണ്ടായിട്ടില്ല. ഭാര്യാപിതാവിന് ഇനിയും മക്കളുണ്ടാവാന്‍ മരുമകന്‍ തന്നെ യാഗം നടത്തുന്നു. ആദ്യം വിരോധാഭാസമായി തോന്നി. പിന്നീട്, തനിക്കുണ്ടായ ഏകമകളെ മക്കളില്ലാത്ത സൃഹൃത്തിന് ദാനം നല്‍കിയ ദശരഥ മഹാരാജാവിന്റെ ദാനശീലത്തിനു മുന്നില്‍ നമ്രശിരസ്കനായി.


“വന്ദനം മഹാരാജന്‍... അങ്ങെന്താണിങ്ങോട്ടൊക്കെ. ഒരോല കൊടുത്തയച്ചിരുന്നെങ്കില്‍ ആരായാലും അങ്ങെത്തുമായിരുന്നെല്ലോ..?” രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന ചോദ്യം കേട്ട്  ഋശ്യശൃംഗന്‍ ഒന്നു പകച്ചു. ചോദ്യ കര്‍ത്താവിനെ പെട്ടെന്ന് തന്നെ മനസ്സിലായി ഗണികാത്തെരുവിലെ തല മുതിര്‍ന്ന ദേവദാസി.


“ദാ.. ആ കാണുന്നതാണ് വൈശാലിയുടെ വീട്.” ചോദ്യമില്ലാതെ തന്നെ ഉത്തരം കിട്ടി. അവര്‍ ചൂണ്ടികാണിച്ച വീടിനുമുന്നിലേക്കെത്തുമ്പോള്‍  ഋശ്യശൃംഗന്‍ പഴയ മുനികുമാരനായി. താടി രോമങ്ങളില്ലാത്ത, നെഞ്ചില്‍ നീര്‍മാതളങ്ങളുള്ള, കേശഭാരത്താല്‍ നമ്രശിരസ്കയായി നിന്ന, വേറൊരു മുനികുമാരനെന്ന് താന്‍ തെറ്റിദ്ധരിച്ച വൈശാലിയുടെ വീട്ടിലേക്കാണ് കടന്നു ചെല്ലുന്നത്.


അംഗരാജ്യത്തെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മഹായാഗത്തിനവസാനം മഴ പെയ്യുന്നതിന് തൊട്ടു മുന്‍പു വരെ വൈശാലിയെക്കണ്ടിരുന്നു. പിന്നീട് ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. തന്റെ വഴിയില്‍ നിന്ന് അവള്‍ ബോധപൂര്‍വ്വം മാറിനിന്നിട്ടുണ്ടാവാം. തന്റെ വഴി നിശ്ചയിച്ചിരുന്നതും കൊട്ടാരത്തില്‍ നിന്നാണെല്ലോ.


“ആരാദ് കയറി വരൂ..” വീടിനുള്ളില്‍ നിന്ന് അവശയായ ഒരു സ്ത്രീ ശബ്ദം പുറത്തേക്കെത്തി. ഋശ്യശൃംഗന്‍ വീടിനകത്തേക്ക് കയറി. അകത്തളത്തിലെ കട്ടിലില്‍ അസ്ഥിപഞ്ജരം പോലൊരു സ്ത്രീ  ഒറ്റനോട്ടത്തില്‍ പ്രായം അറുപതിനോടടുത്ത് കാണും.


“ഇരിക്കൂ മഹാരാജന്‍.. എനിക്കെഴുന്നേറ്റുനിന്ന് അങ്ങയെ ആദരിക്കണമെന്നുണ്ട്. പക്ഷെ ശരീരം അനുവദിക്കുന്നില്ല..” ഋശ്യശൃംഗന്റെ സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. ദൈവമേ വാത്സ്യായനകലകളില്‍ നിപുണയും വൈശാലിയുടെ മാതാവുമായ മാലിനി ആണോ ഇത്.


“അങ്ങെന്തിനാണീ ഗണികയുടെ വീട് തേടിയെത്തിയത്. ലോമപാദമഹാരാജാവ്  എന്നെ ഏല്‍പ്പിച്ചതുപോലുള്ള ദൌത്യം വല്ലതുമാണെങ്കില്‍ ഞങ്ങളെക്കൊണ്ടിനിയാവില്ല. ശരീരവും മനസ്സും മരവിച്ച് കഴിയുന്നവരാണ് ഞങ്ങള്‍. മാത്രമല്ല ഒരിക്കല്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെട്ട വെറും കറിവേപ്പിലകള്‍.”


ആത്മവിശ്വാസം വീണ്ടെടുത്ത്  ഋശ്യശൃംഗന്‍ പതിയെ പറഞ്ഞു- “ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, സാഹചര്യങ്ങള്‍ അങ്ങനെയൊക്കെയായിയെന്നു മാത്രം. എനിക്കൊന്ന് വൈശാലിയെ കാണണമായിരുന്നു...”


ഋശ്യശൃംഗനെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മാലിനി പറഞ്ഞു തുടങ്ങി. “അങ്ങ് പറഞ്ഞ സാഹചര്യങ്ങള്‍ തന്നെയാണ് എന്റേയും ഈ തെരുവിന്റേയുമൊക്കെ പിറവിക്കു കാരണം. പക്ഷേ എന്നേത്തേടി ഒരു പുരുഷനേ വന്നിട്ടുള്ളു. മറ്റൊരു പുരുഷനെത്തേടി ഞാന്‍ പോയിട്ടുമില്ല. ഒരു ദേവദാസിയെന്ന പേരും പേറി ജീവിക്കേണ്ടി വന്നുവെങ്കിലും അന്തസ്സും ആഭിജാത്യവും കൈവെടിഞ്ഞിട്ടില്ല...”

“അമ്മേ.. വീട്ടിലെത്തുന്നവരോട് ആരാണ് എന്താണെന്നൊക്കെ നോക്കാതെ ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ..?” ശാന്തമെങ്കിലും  ദൃഢസ്വരത്തിലുള്ള വാക്കുകള്‍ കേട്ട്  ഋശ്യശൃംഗന്‍ തലയുയര്‍ത്തി നോക്കി. മുന്നില്‍ വൈശാലി. കാലം പോറലേല്പിക്കാത്ത ശരീരം. മുഖത്തെ നിഷ്കളങ്കഭാവം ഋഷിതുല്യമായ നിസ്സംഗതയിലേക്ക് വഴി മാറിയിരിക്കുന്നു.


“വൈശാലി... ഞാന്‍...” ഋശ്യശൃംഗനില്‍ നിന്ന് വാക്കുകള്‍ വിറച്ച് വിറച്ച് പുറത്ത് വന്നു.


“വര്‍ഷങ്ങളായി ഈ നാലുചുമരുകള്‍ക്കുള്ളില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഞങ്ങള്‍ രണ്ടു പേര്‍. ഞങ്ങള്‍ക്ക് പരസ്പരം മാത്രമേ അറിയൂ, പുറത്തുള്ളവരെ അറിയില്ല.....”

“അതിന് കാരണക്കാരനാവേണ്ടി വന്നതില്‍ എനിക്ക് ദു:ഖമുണ്ട്... മാപ്പ്.” 


“കുമാരാ അംഗരാജ്യത്തിന്റെ നിലനില്‍പ്പിനായി വലിയൊരു ത്യാഗമാണ് ഞാനും അമ്മയുമൊക്കെ ചെയ്തത് എന്നൊന്നും ഇന്നേവരെ കരുതിയിട്ടില്ല. ചെയ്ത ജോലിക്ക് കിട്ടിയ കൂലി കഠിനമായിപ്പോയെന്നുമാത്രം. ഈ ദേശത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഞങ്ങളെ അസ്പര്‍ശ്യരാക്കിയില്ലേ താങ്കളുടെ കൊട്ടാരം. അന്ന് കൌമാരചാപല്യത്താല്‍ ഞാനും അങ്ങയില്‍ ആകൃഷ്ടയായിരുന്നു. അത് എന്റെ തെറ്റ്. അതിലും വലിയ തെറ്റാണ് അങ്ങിന്നിവിടെയെത്തിയത്. നിയമം നിര്‍മ്മിച്ച് നടപ്പിലാക്കുന്നവര്‍ തന്നെ നിയമലംഘകരാകുന്നത് ചരിത്രത്തിനു പോലും പൊറുക്കാനാവാത്തതാണ്... ദയവു ചെയ്ത് പെട്ടന്നു തന്നെ ഇവിടെ നിന്ന് മടങ്ങിപ്പോകൂ...”


വൈശാലിയുടെ വാക്കുകള്‍ കേട്ട്  ഋശ്യശൃംഗന്‍ ക്ഷുഭിതനായി. “ഞാനാണ് ഭരണാധികാരി, എന്റേതാണ് രാജ്യം. നിയമം സൃഷ്ടിക്കുന്നതും നീതി നടപ്പാക്കുന്നതും ഞാനാണ്. വേണമെങ്കില്‍ എനിക്ക് പിടിച്ചടക്കാനാവും, ഞാനതിന് മുതിരുന്നില്ല. കാരണം പിന്നീടത് ചരിത്രത്തിനൊരു ദുര്‍വ്യാഖ്യാനമാവും. മനസ്സിനെ വര്‍ഷങ്ങളായി നീറ്റുന്ന കുറ്റബോധം ഒന്നുകൊണ്ടുമാത്രമാണ് ഞാനിവിടെ വന്നത് ഇനിവരില്ല....”

“ഇവിടെ വന്നതിലൂടെ അങ്ങ് ശാന്തയെക്കൂടി വഞ്ചിച്ചിരിക്കുകയാണ്...” അതുകൂടി കേട്ടതോടെ ഋശ്യശൃംഗന്‍ പുറത്തേക്കിറങ്ങി.


മീനവെയിലിന്റെ കൊടും ചൂട് പെയ്തിറങ്ങുന്ന തെരുവീഥിയില്‍ വെയില്‍ മഴ നനഞ്ഞ് തന്നെ കാത്തുനില്‍ക്കുന്നതുപോലെ ഒരാള്‍. താടിമുടികള്‍ നീട്ടി വളര്‍ത്തിയ ഭ്രാന്തമായ ശരീരം. കണ്ണുകളില്‍ കനല്‍ എരിയുന്നു. അയാള്‍  ഋശ്യശൃംഗന് മുന്നിലെത്തി പിന്നെ പതിയെ പറഞ്ഞു തുടങ്ങി. “ഗണികാത്തെരുവ് തേടിയിറങ്ങുന്ന ഭരണാധികാരി ഒരു നാടിനും ഭൂഷണമല്ല.... ഹ.. ഹ.. ഹ എന്നെ അറിയില്ലായിരിക്കും... ഞാന്‍ ചന്ദ്രാംഗദന്‍. പഴയ രാജഗുരുവിന്റെ മകന്‍. നമ്മള്‍ തുല്യ ദു:ഖിതരാണല്ലേ.. ഹ.. ഹ.. ഹ അങ്ങനെ പറയാനാവില്ലല്ലോ. വൈശാലിയെ ആദ്യം നഷ്ടപ്പെട്ടത് എനിക്കാണ് പിന്നെയാണെല്ലോ അങ്ങയ്ക്ക് നഷ്ടപ്പെട്ടത്..”


കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പുറത്ത് തന്നെ കാത്തുകിടക്കുന്ന രഥത്തിനരികിലേക്ക് ഋശ്യശൃംഗന്‍ കാലത്തിനേക്കാളും വേഗത്തില്‍ പാഞ്ഞു.


------------------------------------------------------------------------------------------------------------------------
ഞാന്‍ വായിച്ച സമാനമായ ചില കഥകള്‍

മഴയുടെ മകൾ...  

ശാന്ത  

വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്

28 അഭിപ്രായങ്ങള്‍

പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍...


ദൈവമേ..... ഇവന് രണ്ടു നേരത്തെ ആഹാരത്തിനെങ്കിലുമുള്ള വഴി കാട്ടിത്തരണേ..’
ഉന്തിയ വയറും കുഴിഞ്ഞ കണ്ണുകളും മെല്ലിച്ച ശരീരവുമുള്ള മകനെ നോക്കി അമ്മ ദൈവത്തെ വിളിച്ചു. അച്ഛനില്ലാത്ത കുട്ടിയാണ് താനൊരുത്തി വേണം ഇവനെ നോക്കാന്‍. 

കാലം ഇന്റെര്‍നെറ്റിനേക്കാള്‍ വേഗത്തില്‍ കടന്നു പോയി.

അമ്മ പല വീടുകളിലായി അടുക്കള പണി ചെയ്ത് മകനെ വളര്‍ത്തി. മകനും അമ്മയുടെ കഷ്ട്പ്പാടുകള്‍ കണ്ടുകൊണ്ട്തന്നെ പഠിച്ച് വലുതായി.


‘അമ്മയ്ക്ക് ഒരു നേരത്തെ ആഹാരവും മരുന്നുകളും നല്‍കാനുള്ള പണമെങ്കിലും കിട്ടുന്ന ജോലി എത്രയും പെട്ടന്ന് തരണേ ദൈവമേ..’
കട്ടിലില്‍ അസ്ഥിപഞ്ജരം പോലെ കിടക്കുന്ന അമ്മയെ നോക്കി മകന്‍ മുകളിലേക്ക് കൈകൂപ്പി. താന്‍ മാത്രമേയുള്ളു അമ്മയ്ക്ക് ബന്ധുവായി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പത്രവിതരണം നടത്തിയുമാണ് കാര്യങ്ങള്‍ ഒരുമാതിരി ഒപ്പിച്ചു പോകുന്നത്.

പരീക്ഷകളും അഭിമുഖങ്ങളും പലതും വിജയിച്ചുവെങ്കിലും, പണം നല്‍കാനും ശുപാര്‍ശ ചെയ്യാനും ആളില്ലാതിരുന്നതിനാല്‍ മകന് ഒരു ജോലി ലഭിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത നഗരത്തില്‍ ഒരു ഐ. ടി. പാര്‍ക്ക് വരുന്നത്. അവിടേക്ക് നിരവധി അന്തര്‍ദേശീയ കമ്പനികളുമെത്തി. അതിലൊന്നില്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മകന് ജോലി ലഭിക്കുകയും ചെയ്തു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഗ്രാമത്തിലെ നാലു സെന്റ് സ്ഥലവും കുടിലും കിട്ടിയ കാശിന് വിറ്റ് നഗരത്തില്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. ഉപേക്ഷിക്കാനാവാത്തതിനാല്‍ കട്ടിലുള്‍പ്പടെ അമ്മയേയും ഒപ്പം കൊണ്ടു പോയി. അതിവേഗം ബഹുദൂരം രണ്ടു കുട്ടികളുമായി.

‘ഞങ്ങളെ ഇങ്ങനെയിട്ട് തീ തീറ്റിക്കല്ലേ ദൈവമേ.. അമ്മയെ എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ..’
മരിക്കത്തുമില്ല കട്ടിലൊഴിയത്തുമില്ല എന്ന മട്ടില്‍ കിടക്കുന്ന അമ്മയെ നോക്കി മകനും മരുമകളും കൊച്ചുമക്കളും ഒരുമിച്ച്  ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

31 അഭിപ്രായങ്ങള്‍

മഴവില്ല്

പ്രണയത്തിന്റെ ആദ്യനാളുകളില്‍ ആരേയോ ഉദ്ധരിച്ച് അവന്‍ അവളോട് പറഞ്ഞു:

“മഴവില്ലിനെ എനിക്ക് കൈ എത്തിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ ഞാനതില്‍ നിന്റെ പേരെഴുതി തിരികെ മാനത്തു തന്നെ വയ്ക്കും. എന്തിനെന്നല്ലേ, ലോകം അറിയണം നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് എത്ര നിറമുള്ളതാണെന്ന്‍ ”

ഇന്ന് അവള്‍ അവന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പക്ഷെ തുരുമ്പെടുത്ത വില്ലു പോലെ വളഞ്ഞിരിക്കുന്നു അവള്‍.

അവനോ തന്റെ ആവനാഴിയിലെ തുരുമ്പെടുക്കാത്ത അസ്ത്രങ്ങളുമായി പുതിയ പുതിയ മഴവില്ലുകളെത്തേടി നടക്കുന്നു.
-------------------------------------------------------------------------------------------------------------
(ഒന്നിന് രണ്ടു ഫ്രീ.. താഴെയുള്ളവ കൂടി വായിക്കൂ. ഇത് മൂന്നും മംഗളം വാരികയുടെ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചവയാണ് )
-------------------------------------------------------------------------------------------------------------

അച്ഛനുറങ്ങാത്ത വീട്
അയല്‍ വീട്ടിലെ അച്ഛനില്ലാത്ത പെണ്‍കുട്ടി രാത്രി കാമുകനൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ അയാള്‍ ഭാര്യയോടു പറഞ്ഞു-

‘ഞാനിന്നുമുതല്‍ കിടപ്പ് വരാന്തയിലേക്കു മാറ്റുകയാണ്. നമ്മുടെ പെമ്പിള്ളാരുടെ പിറകേം ഒരോ അവന്മാരു കറങ്ങി നടക്കുന്നുണ്ട്..’

ഭാര്യയും അതിനോടു യോജിച്ചു. മക്കളുടെ വിവാഹം കഴിയുന്നതുവരെ കാവല്‍ കിടന്നാല്‍ മതിയല്ലോ.
വരാന്തയില്‍ കൊതുകുകടികൊണ്ട് ഉറങ്ങാതിരിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്ത് ഭാര്യ പതിവിലും നേരത്തെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി. 

കാപ്പിയുമായി പുറത്തെത്തിയപ്പോള്‍ വരാന്ത കാലി. അവര്‍ മുറ്റത്തിറങ്ങി നോക്കി. അപ്പോള്‍ അയല്‍ വീട്ടിലെ അടുക്കള വാതില്‍ തുറന്ന് ഉറക്കച്ചടവോടെ ഭര്‍ത്താവ് ഇറങ്ങിവരുന്നുണ്ടായിരുന്നു.
-------------------------------------------------------------------------------------------------------------


ദാമ്പത്യം
രു തിങ്കളാഴ്ചയാണ് അവര്‍ കണ്ടുമുട്ടിയത്. 

ചൊവ്വാഴ്ചയോടെ പ്രണയബദ്ധരും ബുധനാഴ്ച വിവാഹിതരുമായി. 

വ്യാഴാഴ്ച രാവിലെ അലമാരച്ചില്ലുകള്‍ തകരുന്നശബ്ദം കേട്ടും, തലയിണകള്‍ പറന്ന് നടക്കുന്നത് കണ്ടുമാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്. മകനും മരുമകളും ശണ്ഠ കൂടുകയാണ്.

‘ചട്ടീം കലോമല്ലേ തട്ടീം മുട്ടീം കിടക്കും’ അവരാശ്വസിച്ചു. 

പെട്ടീം പ്രമാണവുമായി മരുമകള്‍ സ്വന്തം വീട്ടിലേക്കു പോകുന്നതും പിന്നാലെ പോസ്റ്റുമാന്‍ വക്കീല്‍ നോട്ടീസുമായി വരുന്നതും കണ്ടാണ് വെള്ളിയാഴ്ച അവസാനിച്ചത്.

ശനിയാഴ്ച മകന്‍ വിവാഹമോചിതനായി തിരിച്ചെത്തിയപ്പോഴാണു പഴമനസ്സുകള്‍ക്ക് കാര്യങ്ങളുടെ ഗതിവേഗം പിടികിട്ടിയത്.

ഞായറാഴ്ച മകനു നീണ്ട ദാമ്പത്യത്തിനു ശേഷമുളള വിശ്രമ ദിനമായിരുന്നു.

തിങ്കളാഴ്ച പതിവുപോലെ മകന്‍ ജന്റില്‍മാനായി പുറത്തേക്ക്. അമ്മ വഴിക്കണ്ണുമായി പുതിയ മരുമകളേയും കാത്തിരുന്നു.




16 അഭിപ്രായങ്ങള്‍

നിരത്തുകള്‍ അവസാനിക്കുന്നത്..

നിമൃതികളില്ലാത്ത മഴ തിമര്‍ത്തു പെയ്യുകയാണ്. പാറക്കഷണങ്ങള്‍ വീഴും പോലെ മഴത്തുള്ളികള്‍ ഓടിന് പുറത്ത് വീണ് ശബ്ദമുണ്ടാക്കി. വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിനെ വകവെയ്ക്കാതെ അയാള്‍ ജനല്‍ തുറന്നിട്ടു. വെളിയിലെ കൂരിരുട്ടിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ അയാളില്‍ അയാളറിയാതെ തന്നെ വികാരങ്ങള്‍ നുരയിടുകയായിരുന്നു.

തിരികെ വീണ്ടും കട്ടിലില്‍ തണുത്ത കാറ്റുമേറ്റിരിക്കുമ്പോള്‍ വികാരം വിചാരങ്ങള്‍ക്ക് വഴി മാറി. അല്ലെങ്കില്‍ത്തന്നെ ഒരു സൈനികന്റെ മനസ്സില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണെല്ലോ പറയാറ്.

‘ലേഖേ... ലേഖേ .. ഒന്നെഴുന്നേറ്റേ... ‘സുഖനിദ്രയിലായിരുന്ന ഭാര്യയെ അയാള്‍ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടെ അവളെഴുന്നേറ്റ് അയാളെ നോക്കി. എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലായില്ല.


‘അടുത്താഴ്ച എന്റെ ലീവ് തീരുകയല്ലേ... അമ്മയെ ഈ അവസ്ഥയില്‍ കണ്ടുകൊണ്ട് എങ്ങനെ ഞാന്‍ തിരിച്ചുപോകും.’

 അയാള്‍ക്ക് പട്ടാളത്തിലാണ് ജോലി. അമ്മയ്ക്ക് അസുഖം കൂടുതലാണെന്നുള്ള ഭാര്യയുടെ ടെലഗ്രാം കിട്ടിയാണ് നാട്ടില്‍ വന്നത്.

‘കൂടിയാല്‍ ഒരാഴ്ചയെന്നല്ലേ ഡോക്ടര്‍ പറഞ്ഞത് ചേട്ടന്റെ ലീവ് തീരും മുന്നേ...’ ലേഖ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

‘സാവിത്രിയമ്മ അടുക്കല്‍ തന്നയില്ലേ...’

‘ഉവ്വ്... ഒരുമാസമായി അവര്‍ വീട്ടില്‍ പോയിട്ട്. അസുഖം കൂടിയതീപ്പിന്നെ അമ്മേടടുക്കേന്ന് മാറീട്ടില്ല..’ അതുപറഞ്ഞിട്ട് അവള്‍ വീണ്ടും കിടക്കുവാന്‍ ഭാവിച്ചു.

ഒരുമാസം കൊണ്ടവള്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. സാവിത്രിയമ്മ അടുക്കളയില്‍ നിന്ന് അമ്മയുടെ അടുത്തേക്ക് മാറിയതുമുതല്‍ വീട്ടുജോലികളും, കുട്ടിയെനോക്കലും പശു, കോഴി തുടങ്ങിയ സഹജീവികളെ തീറ്റിപ്പോറ്റലും എല്ലാം  ഒറ്റയ്ക്ക് ചെയ്യണം. എന്തിന് അയാള്‍ വന്നിട്ട് ഒരാഴ്ചയായിട്ടുകൂടി അവള്‍ക്ക് അല്പനേരം അയാളോടൊന്ന് അടുത്തിരിക്കാന്‍ കൂടി സമയം കിട്ടിയിട്ടില്ല. യാന്ത്രികമായിപ്പായുന്ന ഒരുനാഗരിക വാഹനം പോലെയായി അവളുടെ ജീവിതം. ഓരോനിരത്തും അവസാനിക്കുന്നത് മറ്റൊരു നിരത്തില്‍. അല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത നിരത്തുപോലെ. അപകടങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിച്ച് വാഹനം ഓടിക്കുവാന്‍ അവള്‍ എന്നേ പഠിച്ചുകഴിഞ്ഞു. അയാള്‍ക്ക് ഭാര്യയോട് പറഞ്ഞറിയിക്കാനാവാത്ത സഹതാപം തോന്നി. അവളുടെ കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് ഒരുനിസ്സഹായതപോലെ വ്യാപിച്ചിരിക്കുന്നു. അവളും മറ്റെല്ലാവരേയും പോലെ തന്നെ മാറ്റങ്ങളുടെ ശക്തമായ ഒഴുക്കില്‍പ്പെട്ടിരിക്കുന്നു.

‘പുറത്ത് നല്ല മഴ പെയ്യണൊണ്ടല്ലേ...?’ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അയാളോട് അവള്‍ ചോദിച്ചു.


‘ഉവ്വ്, സുഖകരമായ മഴ...’

‘ഉം.. നശിച്ച മഴ. വരാന്തയിലെല്ലാം വെള്ളം കയറിക്കാണും.’ അവള്‍ പിറുപിറുത്തു.

ഒരിടവേളയില്‍ ദുര്‍ബലമായ മഴ വീണ്ടും ശക്തമായി. ആ മഴ ഭാര്യയിലും ഭര്‍ത്താവിലും വ്യത്യസ്ത വികാരങ്ങളാണുണര്‍ത്തിയത്. അയാളപ്പോഴും കട്ടിലില്‍ത്തന്നെ ഇരിക്കുകയായിരുന്നു. അവളാകട്ടെ വീണ്ടും ഉറക്കത്തെ പുണരുവാന്‍ കണ്ണുമടച്ചു കിടന്നു.


‘മോനുറങ്ങിയോ....’അയാളുടെ ചോദ്യത്തിന് അവളില്‍ നിന്ന് മറുപടിയുണ്ടായില്ല.

‘ഇത്രയും ദിവസമായിട്ടും എന്നോടവന്‍ അടുത്തില്ലല്ലോ...’

‘സുധേട്ടനെ ആദ്യമായി കാണുകയല്ലേ. പതുക്കയേ അവന്റെ പേടി മാറുകയുള്ളു..’ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുകൊണ്ട് അവള്‍ പറഞ്ഞു.

ശ്വാസം പിടിച്ചും വാശിപിടിച്ചും കരയുന്ന ഒരു കുട്ടിയേപ്പോലെ ഏറിയും കുറഞ്ഞും പെയ്യുകയാണ് മഴ. രാത്രിയില്‍ പെയ്യുന്ന മഴ അയാള്‍ക്ക് എന്നും ആവേശമായിരുന്നു. മാനത്ത് മഴക്കാറുകള്‍ ഉരുണ്ടുകൂടുമ്പോള്‍ കുട്ടിക്കാലത്തയാള്‍ മയിലിനെപ്പോലെ സന്തോഷവാനാകും.


‘നനയല്ലേ കുട്ടാ പനിപിടിക്കും’ചാറ്റല്‍ മഴയിലേക്ക് ഓടിയിറങ്ങുമ്പോള്‍ അമ്മ സ്നേഹത്തോടെ ശാസിക്കും. ചേച്ചിയുടെ നോട്ട് ബുക്കിലെ താളുകള്‍ കീറിയെടുത്ത് വള്ളമുണ്ടാക്കി കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലിടുമ്പോള്‍ അച്ഛന്‍ വഴക്കുപറയും. കുട്ടിക്കാലവും നടുമുറ്റത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഓടിക്കളിക്കുന്ന കുട്ടിയുമെല്ലാം അയാളില്‍ ഒരു നിമിഷം ഓടിയെത്തി.

മഴയുടെ തണുപ്പ് അസ്ഥികളിലേക്ക് അരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഇരിപ്പ് മതിയാക്കി അവള്‍ക്കരികിലേക്ക് ചേര്‍ന്നു കിടന്നു. അയാളുടെ ചുടുനിശ്വാസം അവളുടെ നഗ്നമായ കഴുത്തില്‍ തട്ടി അയാളുടെ മുഖത്തേക്ക് തന്നെ വന്നു. അവളുടെ ദേഹത്തെ വിയര്‍പ്പിന്റെ മണം ഒരു പ്രലോഭനമായി അയാളില്‍ വളര്‍ന്നു. അയാള്‍ ഭാര്യയെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. തന്റെ കൈവിരലുകള്‍ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നിട്ടും അവളില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടാകാതിരുന്നപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ അയാള്‍ പറഞ്ഞു- ‘ഇതു പോലെ മഴ പെയ്യുന്നതായിരുന്നു നമ്മുടെ ആദ്യ രാത്രിയും...’

ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ജീവിതത്തില്‍ ‍പ്രസക്തിയുള്ളതിനാലാവാം അവള്‍ അയാള്‍ക്കഭിമുഖമായി തിരിഞ്ഞു കിടന്നു. ചുമര്‍ഘടികാരത്തില്‍ മണി പന്ത്രണ്ട് അടിച്ചു. സെക്കന്റ് സൂചി പിന്നെയും അതിവേഗം മുന്നോട്ടോടി. മഴയുടെ ആരവവും ശ്വാസനിശ്വാസങ്ങളുമല്ലാതെ മറ്റൊന്നും കേള്‍ക്കുവാനില്ല. ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന കുതിരകളുടെ ചിത്രം കാറ്റടിച്ച് ആടിക്കൊണ്ടിരുന്നു. വീടിന് പുറത്ത് മഴത്തുള്ളികള്‍ ഭൂമിയെപ്പുണരുകയാണ്. വസന്താരംഭത്തിന്റെ ഇടിമുഴക്കങ്ങളും കാറ്റും അവരുടെ സമാഗമത്തിന് അരങ്ങൊരുക്കുന്നു. സൂര്യനെ ചുറ്റുന്ന പ്രയാണത്തിനിടയിലും ഈ സമാഗമത്തിന് കാത്തിരിക്കുകയാണ് ഭൂമി, വീണ്ടും ഒരു വസന്തത്തിനായ്.


പെട്ടന്ന് ആഞ്ഞുവീശിയ കാറ്റില്‍ വല്ലാത്ത് ശബ്ദത്തോടെ ജനല്‍ അടഞ്ഞു തുറന്നു. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടി ഉണര്‍ന്ന് ഭയപ്പാടോടെ കരയാന്‍ തുടങ്ങി. അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നതേയുള്ളു. വാതിലില്‍ ആരോ മുട്ടുന്നു. പ്രതികരണം ഉണ്ടാവാത്തതിനാലാവാം മുട്ടലിന്റെ ശക്തിക്കുടിക്കൂടി വന്നു. അയാളാറിയാതെ തന്നെ എഴുന്നേറ്റുപോയി ഒപ്പം അവളും.


വാതില്‍ തുറന്നു നോക്കുമ്പോള്‍ കത്തിച്ചുപിടിച്ച വിളക്കുമായി സാവിത്രിയമ്മ. ലേഖ വാതലിന് മറഞ്ഞു നിന്ന് അഴിഞ്ഞുപോയ വസ്ത്രങ്ങളെടുത്തു ധരിച്ചു. ദൈന്യത തളം കെട്ടിയ സാവിത്രിയമ്മയുടെ മുഖത്തുനിന്നും വാക്കുകള്‍ വിറച്ച് വിറച്ച് പുറത്ത്ചാടി.

‘അമ്മ... അമ്മ.... പോയി...’

കാലാതിവര്‍ത്തിയായ മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു.
------------------------------------------------------------------------------------------------------------------------------

സമാന്തര മാസികകളുടെ പുഷ്കലകാലമായിരുന്ന തൊണ്ണൂറുകളില്‍ തൃശ്ശൂരിലെ ചക്കരപ്പാടത്തുനിന്നും ശ്രീ. റഷീദ് ചക്കരപ്പാടത്തിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ‘വിജ്ഞാനവീഥി’ മാസികയുടെ 1998 ജൂലയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കഥ. പിന്നീട് അവനവന്‍ പ്രസാധകനായിമാറിയ ബ്ലോഗേനകളുടെ ആരംഭകാലത്ത് 2007 ഡിസംബറില്‍ ‘പെയ്തൊഴിയാതെ ഒരു മഴ’ എന്ന പേരില്‍ ഇതേ ബ്ലോഗില്‍ അവതരിപ്പിച്ചു. അന്ന് ബ്ലോഗ് പ്രൊമോഷനേക്കുറിച്ച് അറിവില്ലാതിരുന്നത് കൊണ്ടും, സമയക്കുറവ് കൊണ്ടും എന്റെ ബ്ലോഗിന്റെ തട്ടിന്‍ പുറത്ത് ഇത് പൊടിപിടിച്ചു കിടന്നു. എല്ലാവരുടേയും വായനക്കായി ഒരു റീ പോസ്റ്റ്. ഇത് വായിച്ച് അഭിപ്രായം എഴുതുന്നത് എനിക്കും നിങ്ങള്‍ക്കും അത് വായിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു പക്ഷേ പ്രചോദനമായി ഭവിച്ചേക്കാം.

15 അഭിപ്രായങ്ങള്‍

പതനം

തു പതനകാലം

ഇടത്തോടി വലത്തോടി
നടുവിലെത്തുമ്പോള്‍
നടുവേ ഓടരുതെന്ന് നിയമം.
ഒന്നുകില്‍ ഇടത്
അല്ലെങ്കില്‍ വലത്.

അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍
വശം മാറാം, അതുവരെ
കിതച്ചുകൊണ്ടോടണം
കൊടിയുയര്‍ത്തി, പൊടി പടര്‍ത്തി
അന്തമില്ലാത്ത ഓട്ടം.
ആര്‍ക്കുവേണ്ടിയാണ് നാമോടുന്നത്
നമ്മുടെ അന്തകന്മാര്‍ക്കു വേണ്ടിയോ..?

വയ്യ,
പാപക്കറ പുരണ്ട ചൂണ്ടുവിരല്‍
തിരിഞ്ഞു ചൂണ്ടി തുടങ്ങിയിരിക്കുന്നു,
തെറ്റുകാരന്‍ നീയാണെന്ന്.
ശരിയാണ് ആ വിരല്‍ കൊണ്ട്
ഞാനാണല്ലോ ബട്ടണിലമര്‍ത്തിയത്.

എതിര്‍ക്കരുത്,
എതിര്‍ത്താല്‍ അരാഷ്ട്രീയ വാദി.
എതിര്‍ക്കുന്നത്
അരാഷ്ട്രീയം ഏകാധിപത്യത്തില്‍
ചെന്നവസാനിക്കുമെന്നറിയാഞ്ഞിട്ടല്ല.
ഏകാധിപതികളുടെ ഒരു കൂട്ടമാണല്ലോ
നമ്മേ ഭരിക്കുന്നത്.

അറേബ്യന്‍ വസന്തത്തിന്റെ
ഇടിമുഴക്കങ്ങള്‍ ഭാരതത്തിലും എത്തുമോ?
അവിടെ ഏകാധിപതികള്‍,
ഇവിടെ ജനാധിപതികള്‍.
രണ്ടും ജനങ്ങളുടെ മേലുള്ള ആധിപത്യം.

ഇതു പതനകാലം
ഒന്നുകില്‍ അവരുടെ,
അല്ലെങ്കില്‍ നമ്മുടെ.


19 അഭിപ്രായങ്ങള്‍

വൈശാലി


അംഗരാജ്യത്തിനുമേല്‍ മഴ മേഘങ്ങളുടെ അനുഗ്രഹവര്‍ഷം തുടരുകയാണ്....


ലോമപാദ മഹാരാജാവ് ശയ്യയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്തോഷം ഉറക്കത്തെ തടഞ്ഞു നിര്‍ത്തുന്നു. നാട്ടിലെ ദേവദാസികളോടും അവരുടെ കഴിവിനോടും രാജാവിന് പഴയതിലുമേറെ ബഹുമാനം തോന്നി. വിഭാണ്ഡകന്റെ കണ്ണുവെട്ടിച്ച് ഋശ്യശൃംഗനെ കൊട്ടാരത്തിലെത്തിക്കാന്‍ അവരിലൊരാള്‍ക്ക് കഴിഞ്ഞിരിക്കുന്നു.


ഇരുള്‍ വീണിട്ടും നിരത്തുകളില്‍ ജനങ്ങള്‍ മഴനനഞ്ഞു തുള്ളിച്ചാടുകയാണ്. കൊടുംവേനലിന് അറുതി വരുത്തി തോരാതെ പെയ്യുന്ന മഴയില്‍ അവര്‍ തങ്ങളുടെ ദാഹവും ചൂടും ശമിപ്പിച്ചു.   
     
ജനങ്ങളും രാജാവും മഴയുടെ കുളിര്‍ ആസ്വദിക്കുമ്പോള്‍ മണിയറയിലെ പട്ടുമെത്തയില്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതയിലേക്കുയരുന്ന രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോമപാദ മഹാരാജാവിന്റെ പുത്രി ശാന്തയും, കൊടുംതപസ്വിയായ വിഭാണ്ഡകന്റെ പുത്രന്‍ ഋശ്യശൃംഗനും. പട്ടുമെത്തയുടെ സുഖവും സ്ത്രീ ശരീരത്തിന്റെ മാര്‍ദ്ദവവും മുനികുമാരന്റെ സിരകളെ ചൂടുപിടിപ്പിച്ചു. ഉഷ്ണമാപിനിയില്‍ രസം ഉയരും മുന്‍പേ ശാന്തയുടെ കരവലയങ്ങള്‍ വിടര്‍ത്തി ഋശ്യശൃംഗന്‍ എഴുന്നേറ്റിരുന്നു. 
               
“വൈശാലി.... വൈശാലിയെവിടെ?“
               
പെട്ടന്നോര്‍ത്തിട്ടെന്നവണ്ണം ഋശ്യശൃംഗന്‍ ചോദിച്ചു.
                
അതു ശ്രദ്ധിക്കാതെ ശാന്ത പറഞ്ഞു-
            
“കുമാരാ.. അങ്ങ് മഴയുടെ സംഗീതം കേള്‍ക്കുന്നില്ലേ... ഇത് നമുക്കുവേണ്ടി പെയ്യുന്നതാണ്. അങ്ങയുടെ വരവോടുകൂടി വരണ്ടു കിടന്ന അംഗരാജ്യത്തെ ഭൂമിക്കുമേല്‍ മഴപെയ്തിറങ്ങുകയാണ്. അതുപോലെ അങ്ങും....”
             
തോഴിമാര്‍ പറഞ്ഞു പഠിപ്പിച്ച വാക്കുകള്‍ ഉരുവിടുമ്പോഴും അവളുടെ മുഖത്ത് വികാരങ്ങള്‍ വലിഞ്ഞു മുറുകുന്നത് ഋശ്യശൃംഗന്‍ നിര്‍വികാരനായി നോക്കിയിരുന്നു. ഋശ്യശൃംഗനെ ശാന്ത തന്റെ ശരീരത്തോടെ പതിയെ വലിച്ചടുപ്പിച്ചു. തോഴിമാര്‍ ദേവദാസികളില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി തന്നെ പഠിപ്പിച്ച കലകള്‍ ഓരോന്നായി ശാന്ത പുറത്തെടുത്തു. അപ്പോള്‍ ശാന്തയില്‍ ഋശ്യശൃംഗന്‍ കണ്ടത് വൈശാലിയുടെ മുഖമായിരുന്നു.
    
വികാരങ്ങള്‍ വേലിയിറങ്ങിക്കഴിഞ്ഞപ്പോള്‍ ഋശ്യശൃംഗന്‍ ശാന്തക്കരുകില്‍ തളര്‍ന്നുറങ്ങിപ്പോയി.
   
ഈറനുടുത്ത പിറ്റേപ്പുലര്‍ച്ചയില്‍ ആലസ്യംപൂണ്ട് കിടക്കുമ്പോഴാണ് ഋശ്യശൃംഗനില്‍ വൈശാലിയേക്കുറിച്ചുള്ള മധുരസ്മരണകള്‍ വീണ്ടുമെത്തിയത്. ആര്‍ഷാഭിവാദ്യം തന്റെ ധര്‍മ്മത്തില്‍ പതിവില്ല എന്നു പറഞ്ഞ്, മനോമോഹനമായ ഒരു പന്താട്ടത്തിലൂടെ തന്റെ മനസ്സില്‍ പൌരുഷമുണര്‍ത്തി ഈ അംഗരാജ്യത്തോളം തന്നെ കൊണ്ടെത്തിച്ച അവള്‍ ആരാണ്.
      
ഋശ്യശൃംഗന്റെ മനസ്സും ശരീരവും ആ പകല്‍ മുഴുവന്‍ വൈശാലിയെത്തേടിയലഞ്ഞു. കൊട്ടാരത്തിലൊരിടത്തും അവളെ കണ്ടെത്താനായില്ല.
               
അന്നു രാത്രി ശയ്യാഗൃഹത്തിലെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഋശ്യശൃംഗന്‍ ശാന്തയോട് ചോദിച്ചു-
               
“ഹേ.. കുമാരി അവള്‍ ആരാണ് എന്നെയിവിടെത്തിച്ച ആ നര്‍ത്തകി?”
                 
“അങ്ങ് ആരേയാണുദ്ദേശിക്കുന്നത് വൈശാലിയെയാണോ...?”
                
  “അതെ..”
              
“അവള്‍ ഒരു ദേവദാസിപ്പുരയിലെ പെണ്‍കുട്ടിയാണ്. വേശ്യാവൃത്തി കുലത്തൊഴിലായ ഒരു കുടുംബത്തിലെയംഗം...”
                   
ശാന്തയുടെ വാക്കുകളില്‍ വെറുപ്പുകലര്‍ന്നിരുന്നു.
                  
“വേശ്യാവൃത്തിയോ അതെന്തു തൊഴിലാണ്?”
            
ഋശ്യശൃംഗന് അതൊരു പുതിയ അറിവായിരുന്നു. തലേരാത്രിമുതല്‍ തനിക്കു ലഭിച്ചു തുടങ്ങിയ പുതിയ അറിവുകളുടെ കൂട്ടത്തില്‍ ഒന്ന്.
                     
ശാന്ത വേശ്യാവൃത്തിയെന്തെന്ന് വിശദീകരിച്ചു-
                    
“അങ്ങയെപ്പോലെ പിതാക്കന്മാരുടെ ശിക്ഷണത്തിലും കടുത്ത ഗൃഹാന്തരീക്ഷങ്ങളിലും വളര്‍ന്നു വരുന്നവരെ കാമത്തിന്റെ ലോകം കാട്ടുവാനും രതിയുടെ പാഠങ്ങള്‍ പഠിപ്പിക്കുവാനും ശരീരം സ്വയം പലര്‍ക്കും സമര്‍പ്പിക്കുന്നവര്‍..ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കപ്പെടേണ്ടവര്‍.”
                     
ശാന്ത പറഞ്ഞ രാജനീതിയോട് പൊരുത്തപ്പെടാനാകാതെ ഋശ്യശൃംഗന്‍ ചോദിച്ചു-
“വൈശാലി.... വൈശാലിയും മറ്റുപലര്‍ക്കും സമര്‍പ്പിക്കപ്പെട്ടവളാണോ....?”
                     
“ഇതുവരെയല്ല... ഇനി ആയിക്കോളും”
 ശാന്തയുടെ ആ വാക്കുകള്‍ ഋശ്യശൃംഗന്റെ മനസ്സിനെ മുറിപ്പെടുത്തി.
         
ഒരു ജനസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കൊടുംകാട്ടിലെത്തി തന്റെ അച്ഛനായ വിഭാണ്ഡകന്റെ കണ്ണു വെട്ടിച്ച് തന്നെ അംഗരാജ്യത്തെത്തിക്കുന്ന ദൌത്യം ഏറ്റെടുത്തവള്‍. ആദൌത്യം നിര്‍വഹിച്ച് വൈശാലി പോയിട്ടുണ്ടാവാം, അവള്‍ക്ക് അതില്‍ കവിഞ്ഞ് മറ്റുലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നിരിക്കില്ല.
              
ഋശ്യശൃംഗന്റെ മനസ്സില്‍ വൈശാലിയുടെ അംഗചലനങ്ങളും, മധുരഭാഷണങ്ങളും നിറഞ്ഞു. പിന്നീട് ഒരു വേശ്യയെന്നോര്‍ത്ത് മറക്കുവാന്‍ ശ്രമിച്ചുകൊണ്ട് ശാന്തയുടെ ചൂടിലേക്ക് മുനികുമാരന്‍ ചാഞ്ഞു.
                
ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഒരു കരിമ്പിന്‍ ചണ്ടിപോലെ ചവിട്ടിയരയ്ക്കപ്പെട്ട വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.


2 അഭിപ്രായങ്ങള്‍

അഭിമന്യു

ഞാന്‍ അഭിമന്യു
ആയോധനകലകളില്‍ അഗ്രജന്‍ പാര്‍ത്ഥന്‍ മകന്‍,
പത്മവ്യൂഹത്തിലൊറ്റക്കായി
മരണംവരെ രണം തുടര്‍ന്നോന്‍.

എന്റെ പാതകളില്‍ ഭീതിയില്ലാ‍യിരുന്നു
ഓരോ വ്യൂഹം കടക്കുമ്പോഴും
എന്റെ പിന്നില്‍ ഞാന്‍ മരണം കണ്ടില്ല
പിന്നെയോ...
ധീരത അതൊന്നു മാത്രമേ കണ്ടുള്ളു.

യുദ്ധത്തിലെ ചതി ഞാനറിഞ്ഞില്ല
എങ്കിലും ഉയിരറ്റുപോകും വരെ യുദ്ധം ചെയ്തു.
അല്ലയോ മഹാത്മരെ !
നിങ്ങളില്‍ എത്രപേരുണ്ടെനിക്കു തുല്യര്‍ ?
തുലാസിന്റെ താഴ്ചയില്‍ ഞാന്‍ മാത്രമാവും.

യുദ്ധ തന്ത്രം പഠിക്കണം നിങ്ങള്‍
വ്യൂഹങ്ങള്‍ ഓരോന്നു തകര്‍ക്കുമ്പോഴും
പിന്നിലൊന്നുകൂടിയുണ്ടാകാതിരിക്കാന്‍
‍മനക്കണ്ണു പിന്നിലേക്ക് പോകണം
കൊടിയ വീഴ്ചയിലും തളരരുത്.

ഞാന്‍ അഭിമന്യു,
പത്മവ്യൂഹത്തില്‍ മരണം പുണര്‍ന്നോന്‍.
ഓരോ മരണവും യുദ്ധത്തിന്റെ വേഗതകൂട്ടും.
നിങ്ങളും മരിക്കുക നന്മ്യ്ക്കുവേണ്ടി
മരണം അതാണ് നന്മയുടെ തിരുശേഷിപ്പ്.

4 അഭിപ്രായങ്ങള്‍

കുറച്ച് കാന്താരി മുളകുകള്‍

പരിധി
മൊബൈല്‍ ഫോണ്‍ വഴിയാണ് അവര്‍ പരിചയപ്പെട്ടതും പ്രണയിച്ചതുമെങ്കിലും വിവാഹ ശേഷം മാത്രമാണ് അവര്‍ക്ക് തങ്ങള്‍ ഇരുവരും പരിധിക്കു പുറത്താണെന്ന് മനാസ്സിലായത്.
സമരം
തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്ത നേതാവിനെ തന്റെ ബിസിനെസ്സ് പങ്കാളിയാക്കി മുതലാളി സമരം പിന്‍വലിപ്പിച്ചു.
മൌനവൃതം
അഴിമതിയില്‍ കുളിച്ച നേതാവ് പത്രക്കാരുടെ ചോദ്യ ശരങ്ങള്‍ തങ്ങാനാവാതെ ഗന്ധിയനായി മാറി മൌനവൃതം ആരംഭിച്ചു.
മണ്ണ്
മണ്ണപ്പം ചുട്ടുകളിക്കാന്‍ കുട്ടികള്‍ ചിരട്ടയുമായി പുഴയോരത്ത് എത്തിയപ്പോള്‍ അവിടുത്തെ മണ്ണെല്ലാം വിറ്റുപോയിരുന്നു.
കഴുത
വിമന്‍സ് കോളേജിനുമുന്നില്‍ കരഞ്ഞുകൊണ്ടുനിന്ന കഴുത പോലീസ് ജീപ്പ് കണ്ട് ഓടിരക്ഷപെട്ടു.
കുറുക്കന്‍
കതിര്‍ മണ്ഢപത്തിലിരുന്ന് വരണാമാല്യമണിയിക്കവേ തന്റെ കൂട്ടുകാരികളെ നോക്കിയിരിക്കുന്ന വരന്റെ കാതില്‍ വധു മന്ത്രിച്ചു-
“നിന്റെ കണ്ണുകള്‍ ചത്ത കുറുക്കന്റേതുപോലെ തന്നെ....”
ഞണ്ട്
ഇനി മദ്യപിക്കില്ലെന്ന് ശപഥം എടുത്തു പിരിഞ്ഞവനെത്തേടി പിറ്റേന്ന് പ്രഭാതത്തില്‍ സുഹൃത്ത് ഒരു കുപ്പി മദ്യവുമായെത്തി.
ശീതീകരണം
ശീതീകരിച്ച മുറിയില്‍ കഴിയുകയെന്നത് അയാളുടെ സ്വപ്നമായിരുന്നു. പുറം നാടുകളില്‍ ജോലിചെയ്യുന്ന മക്കള്‍ക്ക് അയാളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല. അതിനു പ്രായശ്ചിത്തമായി അവര്‍ അച്ഛനെ മരണശേഷം ഒരാഴ്ച ശീതീകരിച്ച മുറിയിലടച്ചു.

22 അഭിപ്രായങ്ങള്‍

അങ്ങനെ മന്ദാകിനിയും അമ്മയായി



ഴ തിമര്‍ത്തു പെയ്യുകയാണ്.
മന്ദാകിനി പതിയെ ജനല്‍ തുറന്ന് നോക്കി. രാത്രിയുടെ വന്യതയെ മഴയും കാറ്റും ചേര്‍ന്ന് കീഴ്പ്പെടുത്തുന്നു. മഴ തുടങ്ങിയപ്പോഴെ വഴി വിളക്കുകള്‍ കണ്ണടച്ചുകഴിഞ്ഞു.

ഇല്ല, ഇന്നിനിയാരും പതിഞ്ഞ ശബ്ദവുമായി വാതിലില്‍ മുട്ടില്ല.
അടുത്ത മുറിയില്‍ നിന്ന് ഭര്‍ത്താവിന്റെ കൂര്‍ക്കം വലി മുഴങ്ങി കേള്‍ക്കാം. മൂക്കറ്റം കുടിച്ചു വന്നുകിടന്നുകഴിഞ്ഞാല്‍ പിന്നെ മഴയോ കാറ്റോ ഭാര്യയുടെ ഉഷ്ണമോ അയാള്‍ അറിയാറില്ല. തീവണ്ടി പാഞ്ഞുപോകും പോലെ അസ്വസ്ഥതയുളവാക്കുന്ന അയാളുടെ കൂര്‍ക്കംവലിയേപ്പറ്റി പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്ന പല പതിവുകാരും മന്ദാകിനിയോട് പരാതിപറഞ്ഞിട്ടുണ്ട്.

അയാളെ ഭര്‍ത്താവെന്ന് വിളിക്കാമോ, അറിയില്ല. എല്ലാവര്‍ക്കും അയാള്‍ മന്ദാകിനിയുടെ ഭര്‍ത്താവാണ്. കുട്ടികളുണ്ടാകാത്തതിനാല്‍ ആദ്യഭര്‍ത്താവ് ഉപേക്ഷിച്ച് പോയപ്പോള്‍ ഒപ്പം കൂടിയതാണ്. ഇപ്പോള്‍ അയാളെക്കൂടി സംരക്ഷിക്കേണ്ട ചുമതല അവളിലായി. എങ്കിലും മന്ദാകിനി അയാളെ സ്നേഹിക്കുന്നു. പക്ഷെ, വയസ്സ് മുപ്പതായിട്ടും ഉടവ് തട്ടാത്ത മന്ദാകിനിയുടെ ശരീരത്തെ അയാളെക്കാളേറെ മറ്റുള്ളവര്‍ സ്നേഹിക്കുന്നു.

കാറ്റും മഴയും തെല്ല് തളര്‍ന്നപ്പോള്‍ രാത്രിയെ പേടിപ്പിച്ചുകൊണ്ട് ശക്തമായൊരു മിന്നലെത്തി. പിന്നാലെ ഇടിമുഴങ്ങുന്ന ശബ്ദവും.ആ മിന്നല്‍ വെളിച്ചത്തിലാണ് മന്ദാകിനി കണ്ടത് എതിര്‍ വീട്ടിലെ ജനലിനരികില്‍ ഒരു കൌമാരക്കാരന്‍ തന്നെ നോക്കിനില്‍ക്കുന്നത്. അവള്‍ കണ്ടുവോ എന്നു ഭയന്നാകണം അവന്‍ ജനലടച്ചുകളഞ്ഞു.

അയല്‍ വീട്ടിലേത് പുതിയതാമസ്സക്കാരാണ്. ഒരു കിഴവന്‍ വേലക്കാരനേയും തടിച്ച് ഗൌരവം നിറഞ്ഞമുഖമുള്ള ഒരുമദ്ധ്യവയസ്സനേയും മാത്രമേ ഇതുവരെ വീടിന് പുറത്തുകണ്ടിട്ടുള്ളു.ജനലടക്കാതെതന്നെ മന്ദാകിനി വന്ന് കട്ടിലില്‍ കിടന്നു.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. എന്തോ ഒരു അസ്വസ്ഥത. പുതുമഴയായതിനാലാവാം ഭൂമിയില്‍ നിന്നും ആവി ഉയരുന്നുണ്ട്. മന്ദാകിനിയുടെ മനസ്സും ശരീരവും ഉഷ്ണംകൊണ്ട് പൊതിഞ്ഞു.അവള്‍ പതിയെ ഭര്‍ത്താവിന്റെ മുറിതുറന്ന് അകത്തു കയറി.

പിറ്റേന്ന് പലതവണ എതിര്‍വീട്ടിലേക്ക് നോട്ടമയച്ചുവെങ്കിലും കിഴവന്‍ വേലക്കാരനേയല്ലാതെ മറ്റാരേയും അവിടെ കണ്ടില്ല. അയാളുടെ തിമിരം ബാധിച്ച കണ്ണുകള്‍ തന്നെ ആര്‍ത്തിയോടെ വിഴുങ്ങുന്നത് അവള്‍ അറിഞ്ഞു. കൂടേക്കൂടെ അങ്ങോട്ട് നോക്കുന്നത് കണ്ട് കിഴവന്‍ തെറ്റിദ്ധരിച്ചുവോ എന്ന് മന്ദാകിനി സംശയിച്ചു.പകലിന് പ്രായമേറിയതോടെ അവള്‍ തന്റെ തൊഴിലിനായി ഒരുങ്ങി.

സിനിമാ ടാക്കീസിലെ പ്രദര്‍ശന സമയം പോലെ മന്ദാകിനിയുടെ വീട്ടിലേക്കുള്ള പ്രവേശന സമയവും ഇടപാടുകാര്‍ക്ക് മന:പാഠമാണ്. അവളുടെ സമയത്തിന് വില അല്പം കൂടുതലാണ്. വൃത്തിയും വെടിപ്പും സുരക്ഷിതത്വവും ഇടപാടുകാര്‍ക്ക് ഉറപ്പുനല്‍കുന്നതോടൊപ്പം അവരിലും അത് നിഷ്കര്‍ഷിക്കുന്നു. കൂട്ടം കൂടിവരുന്നവര്‍ക്കും മദ്യപിച്ച് വരുന്നവര്‍ക്കും മന്ദാകിനിയുടെ വീട്ടില്‍ പ്രവേശനമില്ല. പിന്നെ മറ്റൊന്നുകൂടിയുണ്ട്. ഞായറാഴ്ച അവധി ദിവസമാണ്. ദൈവം പോലും ആറു ദിവസം സൃഷ്ടിനടത്തി ഏഴാം ദിനം വിശ്രമിച്ചുവെന്നത് മന്ദാകിനിയും പ്രമാണമാക്കിയിരിക്കുന്നു.

രാത്രി അന്നത്തെ ആളും പടിയിറങ്ങിയപ്പോള്‍ മന്ദാകിനി കതകടച്ചു പൂട്ടി. ഭര്‍ത്താവിന്റെ യാത്രക്കാരില്ലാത്ത തീവണ്ടി എതോ തുരങ്കത്തില്‍ കൂടി കടന്നു പോകുന്ന കൂര്‍ക്കംവലിശബ്ദം മാത്രം ബാക്കിയായി. അവള്‍ ജനല്‍ തുറന്ന് നോക്കി. മറുവശത്ത് ഒരു ജനല്‍ അടയുന്നതും ഒരു കൌമാര മുഖം ഭീതിയോടെ ഉള്‍വലിയുന്നതും കണ്ടു.

ദിവസങ്ങള്‍ കടന്നുപോയി. ചില ദിവസങ്ങളില്‍ മഴയവളെ ബാധിച്ചു. എങ്കിലും എന്നും അയല്‍ വീട്ടിലെ കൌമാരക്കാരനെ കാണാന്‍ വേണ്ടി ജനല്‍ തുറന്നിട്ടു. ആദ്യത്തെ ഭയം വിട്ടുമാറിയപ്പോള്‍ അവന്‍ പരിചിത ഭാവത്തില്‍ ചിരിച്ചു. അവരുടെ മിഴികള്‍ക്കും ജനലുകള്‍ക്കുമിടയിലെ ഇരുട്ട് പതിയെ വെളിച്ചത്തിന് വഴിമാറി.

ഞായറാഴ്ച....

പകല്‍ ഇടയ്ക്കിടെ അയല്‍ വീട്ടിലെ കൌമാരക്കാരനെ ബാല്‍ക്കണിയിലും മറ്റും കണ്ടു. ആരും കാണാതെ അവള്‍ അവനെ കൈപൊക്കികാണിക്കുകയും ചിരിക്കുകയും ചെയ്തു. ഇതെന്താ ഈപയ്യന്‍ പുറത്തോട്ടൊന്നും ഇറങ്ങാത്തതെന്നോര്‍ത്ത് മന്ദാകിനി അത്ഭുതപ്പെട്ടു. പതിവുപോലെ രാത്രി ജനല്‍ തുറന്നു നോക്കിയപ്പോള്‍ മറുവശത്ത് തന്നെ പ്രതീക്ഷിച്ചെന്നപോലെ പയ്യന്‍ നില്‍ക്കുന്നു. അവള്‍ അവനെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ ഒരു കൌതുകത്തിന് മെല്ലെ കൈയ്യാട്ടി വിളിച്ചു. അവന്‍ ഭീതിയോടെ വരില്ലയെന്നര്‍ത്ഥത്തില്‍ ചുമലുകള്‍ ഇളക്കി. എന്നിട്ടും കൈമുദ്രകളിലൂടെ അവള്‍ അവന് ധൈര്യംപകര്‍ന്നുനോക്കി. പെട്ടന്ന് ജനല്‍ അടച്ച് അവന്‍ അകത്തേക്ക് മറഞ്ഞു. വീടിനു പുറത്തെ വിളക്കും അണഞ്ഞു.മന്ദാകിനിക്ക് വല്ലാത്ത നിരാശ തോന്നി. എല്ലാവരും തന്റെ പിറകേ വന്നിട്ടേയുള്ളു, ഇതാദ്യമായാണ് ഒരാള്‍ തന്റെ ക്ഷണം നിരസ്സിക്കുന്നത്. അതും ഒരു പയ്യന്‍.

ജനലടച്ച് തിരികെ പോരാന്‍ ഒരുങ്ങുമ്പോഴാണ് കണ്ടത് ഇരുട്ടത്ത് ആരോ പതുങ്ങിവരുന്നു. ആ രൂപം ജനലിനു നേരെ വന്നു. വിശ്വസിക്കാനായില്ല,അതാ കൌമാരക്കാരനായിരുന്നു. അവള്‍ ഓടിപ്പോയി വാതില്‍ തുറന്ന് അവനെ മുറിക്കകത്തേക്ക് കയറ്റി. അവന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

“എന്താ കുട്ടന്റെ പേര്.....?” അവള്‍ ചോദിച്ചു.

പേടിയാല്‍ അവനൊന്നും മിണ്ടിയില്ല.

“എന്തായാലും ഞാന്‍ കണ്ണാന്ന് വിളിക്കും കേട്ടോ...”

“ഊം........” അവന്‍ മൂളി.

“കണ്ണന്‍ എന്തിനാ പഠിക്കുന്നത്.....”

“പ്ലസ് ടു....”

അവന്റെ മീശകിളിര്‍ത്തു തുടങ്ങിയ മേല്‍ചുണ്ടിന് താഴെയുള്ള തുടുത്ത കീഴ്ചുണ്ടുകളില്‍ പിടിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഒരു പുരുഷന് ഇത്ര പേടിയോ......”

അവളുടെ മുഖത്തുനോക്കിനിന്നതല്ലാതെ അവന്‍ ഒന്നും പറഞ്ഞില്ല.

“അതുപോട്ടെ, ആരൊക്കയുണ്ട് കണ്ണന്റെ വീട്ടില്.....?”

“പപ്പാ...സേര്‍വന്റ്സ്...” അവന്‍ പതിയെ പറഞ്ഞു.

“അപ്പോ അമ്മയൊ ?”

“ഞാന്‍ ചെറുതായിരുന്നപ്പോഴെ മമ്മി ഞങ്ങളെ ഉപേക്ഷിച്ചുപോയി...” 

അതുപറഞ്ഞപ്പോള്‍ അവന്റെ ചുണ്ടുകള്‍ വിതുമ്പുകയും കണ്ണുകള്‍ നിറയുകയും ചെയ്തു.

“ഹേയ്... കരയാതെ കണ്ണാ ഞാന്‍ വെറുതെ ചോദിച്ചതാ...” അവനെ അവള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് തോളില്‍ തട്ടി ആശ്വസിപ്പിച്ചു.

പുറത്ത് ഒരു മഴയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് കാറ്റ് ആഞ്ഞു വീശി. മന്ദാകിനിയുടെ നെഞ്ചിലെ ചൂടില്‍ നിന്നും ആശ്വാസം കിട്ടിയ അവന്‍ പതിയെ ചോദിച്ചു.

“ഞാന്‍..... ഞാന്‍ എന്തുവിളിക്കണം ?“

“കണ്ണന് ഇഷ്ടമുള്ളത് വിളിച്ചോ...”

അവന്‍ മടിച്ചു മടിച്ചു ചോദിച്ചു.
“ഞാന്‍ അമ്മേന്ന് വിളിച്ചോട്ടെ...”

അതുകേട്ട് മന്ദാകിനിയുടെ കാതുകള്‍ പ്രകമ്പനം കൊണ്ടു. കണ്ണുകള്‍ ഈറനണിഞ്ഞു. ഒരാവേശത്തോടെ വീണ്ടുമവനെ നെഞ്ചോടു ചേര്‍ത്തു. തന്റെ മുലകള്‍ അവനായി പാല്‍ചുരത്താന്‍ തുടിക്കുന്നത് അവള്‍ അറിഞ്ഞു.

“അമ്മേ...’ 

അമ്മയുടെ മാറിലെ ചൂടറിഞ്ഞ അവന്‍ വിളിച്ചു. തന്റെ സ്വപ്നങ്ങളില്‍ കേള്‍ക്കാറുള്ള വിദൂരതയില്‍ നിന്നുള്ള വിളിയല്ല അതെന്ന് തിരിച്ചറിഞ്ഞ മന്ദാകിനി പുളകിതയായി, അവള്‍ വിളി കേട്ടു.

“മോനേ....“മഴയുടെ ആരവം കൂടിവന്നു. അതൊന്നുമറിയാതെ ആ അമ്മയും കുഞ്ഞും തങ്ങളുടെ മാറിലെ ചൂട് പരസ്പരം കൈമാറി അവരുടെ ലോകത്തേക്ക് ഒതുങ്ങി.

2 അഭിപ്രായങ്ങള്‍

കടലും വേശ്യയും


അലറിവിളിച്ചുകൊണ്ട് കടല്‍ കരയെടുക്കുകയാണ്.

മൃത്യുഭയത്താല്‍ ജനങ്ങള്‍ തിരമാലകളില്‍ നിന്നും ഓടിയകലുന്നു. കലിയിളകിയ കടല്‍ത്തിരകളില്‍പ്പെട്ടാല്‍ മൂന്നാം പക്കമേ തീരത്തടിയു.

തീരം കാര്‍ന്ന് കാര്‍ന്ന് മുന്നേറിയ കടലിനു മുന്നില്‍ വഴിതടഞ്ഞെന്നോണം അവള്‍ നിന്നു. ഭഗീരഥിയെ തടഞ്ഞുനിര്‍ത്തിയ കാര്‍ത്ത്യവീരാര്‍ജ്ജുനനെപ്പോലെ.

‘നീ എന്തിനെന്‍ വഴി മുടക്കുന്നു....?’

ക്ഷുഭിതനായി കടല്‍ ചോദിച്ചു.

കത്തുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.

‘എന്റെ തൊഴിലിടമാണ് നിങ്ങള്‍ തകര്‍ത്തു കളയുന്നത്.....’

‘ഹും നീ ചെയ്യുന്നത് ഒരു തൊഴിലാണോ....’

‘പണം വാങ്ങി നല്‍കുന്ന സേവനം പിന്നെ തൊഴിലല്ലാതെ മറ്റെന്താണ്..’

‘എങ്കിലും നിയമം അതിന് അനുവദിക്കുന്നില്ലല്ലോ....’

‘നിയമം അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ എന്നേ ഈ തൊഴിലില്‍നിന്ന് പുറംതള്ളപ്പെട്ടേനെ. അതുമാത്രമല്ല ഇപ്പോള്‍ പോലീസിനെ മാത്രം പേടിച്ചാല്‍ മതി. നിയമപരമായ തൊഴിലായി മാറുമ്പോള്‍ വിനോദ നികുതി, തോഴില്‍ നികുതി, വരുമാന നികുതി എന്നെല്ലാം പറഞ്ഞ് ഓരോരുത്തന്മാര്‍ പുറകെ കൂടും.....പിന്നെ പണവും ശരീരവും കൈക്കൂലിയായി നല്‍കേണ്ടിവരും.’

‘ശരി ശരി... നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല. എനിക്കീ തീരം വെടിപ്പാക്കിയേ പറ്റൂ. ഒന്നുകില്‍ നീ ഇവിടം വിട്ടുപോകുക അല്ലെങ്കില്‍ എനിക്കു കീഴ്പ്പെടുക....’

‘ഇല്ല എന്റെ വിയര്‍പ്പലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈ തീരം വിട്ട് എനിക്കെങ്ങും പോകുവാനില്ല...’

‘എങ്കില്‍ എന്നില്‍ വിലയം പ്രാപിച്ചോളൂ.... എത്രയോ നദികള്‍ എന്നില്‍ വിലയം പ്രാപിക്കുന്നുണ്ടെന്ന് നിനക്കറിയാമോ ?’

‘എന്നിലേക്ക് എത്തിയവരോളം കാണില്ല. പുരുഷന്മാരുടെയത്ര നദികള്‍ കാണുമോ...മാത്രമല്ല എന്നേ വിഴുങ്ങിയാല്‍ അങ്ങും മലിനപ്പെടും.’

‘നദികള്‍ തള്ളുന്ന നഗരമാലിന്യങ്ങളാല്‍ ഞാന്‍ എന്നേ മലിനപ്പെട്ടു കഴിഞ്ഞു. അതിനാല്‍ നിന്നെ ഞാന്‍ സ്വീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്ത് ഇറങ്ങിക്കോളൂ...’

അവള്‍ കടല്‍ പറഞ്ഞതനുസരിച്ചു

തര്‍പ്പണം ചെയ്ത് കഴിഞ്ഞപ്പോഴേക്കും കടല്‍ തിരക്കൈകള്‍ നീട്ടി അവളെ മാറോടണച്ചു.

അപ്പോള്‍ കടലിന്റെ ഇരമ്പല്‍ വക്കുകള്‍ പോലെ തോന്നിച്ചു-

‘പാപോഹം..... പാപകര്‍മ്മോഹം...’

യാത്ര


രാത്രി വഴിയില്‍ മഴ വന്നു

ഇനി യാത്ര വയ്യ

ഇവിടെ, ഈ ഇറയത്തൊരല്പം

കനല്‍ കൂട്ടി ചൂടേറ്റിരിക്കാം.


തപ്ത തൃഷ്ണകള്‍,

ഗുപ്ത മോഹങ്ങള്‍

വൃര്‍ത്ഥ ചിന്തകളെല്ലാ-

മെരിഞ്ഞൊടുങ്ങീടട്ടെ.


മൃത്യുപോല്‍ രാത്രിയിത്.

കനല്‍ വെളിച്ചത്തിലേക്ക്

ചിറകടിച്ച് നിശാശലഭമെത്തി,

ഇല്ല, പാഴ് ശ്രുതി വീഴുമീ

ദഗ്ധ തംബുരു മീട്ടുവാന്‍ ഞാനില്ല.


ഞാനും പ്രണയിച്ചിരുന്നു....

ഞാന്‍, കാലം തെറ്റി-

പ്പെയ്യുന്ന ഒരു മഴ

അവള്‍, പ്രണയം

മധുചുരത്തുമ്പോള്‍

മിഴിയളന്നവള്‍.

രാവുണരുമ്പോള്‍

എന്റെ ജാലകത്തിനും

അവളുടെ മിഴികള്‍ക്കും

മദ്ധ്യേ സൂര്യനുദിക്കും.

അതൊരു കാലം.......


വീണ്ടും പുലര്‍ച്ച

മഴമാറി വെയില്‍ വന്നു.

എന്നിലിപ്പോഴും പ്രണയത്തിന്റെ

ഒരു തീപ്പൊരി ബാക്കി നില്‍ക്കുന്നു

അതാര്‍ക്കു വേണ്ടിയാവാം....?

കാത്തുനില്‍ക്കുന്നില്ല.

ഞാനെന്റെ യാത്ര തുടരട്ടെ,

എന്റെ യാത്രയോ അവസാനമില്ലാത്തത്.

ഷെയര്‍


പതിവിലും വൈകിവന്ന മകനു വേണ്ടി അമ്മ വാതില്‍ തുറന്നുകൊടുത്തു।

സാധാരണ മരുമകളാണത് ചെയ്യാറ്। കോളിംഗ് ബെല്‍ തുടര്‍ച്ചയായി ശബ്ദിക്കുന്നതു കേട്ടാണ് അമ്മതന്നെ എഴുന്നേറ്റു വന്നത്.

തന്റെ മുഖത്ത് നോക്കാതെ വേഗം സ്വന്തം കിടപ്പുമുറിയിലേക്ക് പോകാന്‍ തുടങ്ങിയ മകനോട് അമ്മ വൈകിയതിനു കാരണം ചോദിച്ചു।

‘ഒരു ഷെയറില്‍ ജീവിതം ഒതുങ്ങില്ലല്ലോ...’

ഉത്തരം ഒറ്റവാക്കില്‍ ഒതുക്കി മകന്‍ മുറിയില്‍ കയറി വാതിലടച്ചു।

മുഖത്തടിയേറ്റതുപോലെ അമ്മ ഒരു നിമിഷം നിന്നുപോയി।

വീട് ഭാഗം വച്ചത് അടുത്തിടയാണ്। വീടും അതുനില്‍ക്കുന്ന സ്ഥലവും തന്റെ പേരില്‍ ബാങ്കില്‍ കിടന്ന പണവും മാത്രമേ മകന് നല്‍കിയുള്ളു. ബാക്കിയുള്ളതെല്ലാം രണ്ടു പെണ്‍ മക്കള്‍ക്കുമായി നല്‍കി അന്നേ തോന്നിയതാണ് വയസ്സുകാലത്ത് തന്നെ സംരക്ഷിക്കേണ്ട മകന് നല്‍കിയ ഷെയര്‍ കുറഞ്ഞു പോയെന്ന്. അന്നു തുടങ്ങിയതാണ് മകന്റെ ഈ താമസിച്ചുള്ള വരവ്. അമ്മ വേദനയോടെ ഓര്‍ത്തു.

പിറ്റേന്ന് രാവിലെ മരുമകളുടെ പെരുംതേനീച്ച കുത്തിയതുപോലുള്ള മുഖം കണ്ട അമ്മ പറഞ്ഞു-

‘നിങ്ങള്‍ക്ക് നല്‍കിയ ഷെയര്‍ കുറഞ്ഞു പോയെന്ന് അമ്മക്കറിയാം। പക്ഷെ അവന്റെ പെങ്ങമ്മാര്‍ക്കു നല്‍കിയ വസ്തുവകകളേക്കാള്‍ വലുതായിരുന്നു എന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്നത്...’

മരുമകളുടെ മറുപടി പെട്ടന്നായിരുന്നു.

‘ബാങ്കില്‍ കിടന്ന പണത്തിലും ഭേദം പെട്ടന്ന് വില്‍ക്കാനാവാത്ത വസ്തുക്കളായിരുന്നു। ആ പണം കിട്ടിയതു മുതലാണ് ഏട്ടന്‍ മദ്യപാനം തുടങ്ങിയത്. ഇന്നലെ താമസ്സിച്ചുവന്നതിന് കാരണം പറഞ്ഞത് എന്താണെന്നമ്മക്കറിയാമോ....ഇതുവരെ ബാറില്‍ ചെന്നാല്‍ ഒരു ഷെയറിനു മാത്രമേ കൂടീട്ടുള്ളു ഒരു ഷെയര്‍കൊണ്ട് എന്താവാനാ.... ഒരു ഷെയറില്‍ ജീവിതം ഒതുങ്ങില്ലല്ലോ.......അതുകൊണ്ട് രണ്ട് കുപ്പിക്ക് ഇന്നലെ ഷെയറിട്ടത്രെ.....’

മരുമകള്‍ പറഞ്ഞത് കേട്ട് അമ്മ തരിച്ചുനിന്നുപോയി.

1 അഭിപ്രായങ്ങള്‍

രക്തസാക്ഷി


സുഹൃത്തേ,

നീ നിന്റെ മാംസം ഹോമിക്കുക

ഒരു സ്വാതന്ത്ര്യപ്പുലരിക്കുവേണ്ടി.

നീ നിന്റെ ഹൃദയം തകര്‍ക്കുക

ഒരു വിപ്ലവ വീര്യത്തിനു വേണ്ടി।

കഴുമരങ്ങളും വലിയ ചുടുകാടും

നിന്റെചൂടേറ്റുറങ്ങട്ടെ।


സുഹൃത്തേ,

നീ നിന്റെ കൈകളുയര്‍ത്തുക

മാറ്റൊലിമുഴങ്ങട്ടെ വായുവില്‍

നിന്റെ കറുത്തകരുത്ത്

ഞങ്ങളുടെ വെളുപ്പിനുമേല്‍

വിജയം വരിക്കുന്നതും

നിന്റെ രക്തം ആ വിജയത്തിന്

സാക്ഷിയായി മണ്ണില്‍പ്പടരുന്നതും

ഞങ്ങള്‍ സ്വപ്നം കാണുന്നു।


ഒടുവില്‍ നിന്റെ ശിരസ്സറ്റടത്ത്

പ്രതിമയുയരുന്നതും

രക്തപുഷ്പങ്ങള്‍ വര്‍ഷിക്കുന്നതും

ഇന്റെര്‍നെറ്റിലൂടെ നീ സ്വര്‍ഗ്ഗത്തിരുന്നു കാണുക

( നാകമോ അതോ നരകമോ നിനക്ക് ?)

നിന്റെ പാതകളളന്ന്

ഞങ്ങള്‍ മന്ത്രിപദത്തിലേക്ക്

അടിവച്ചടിവെച്ചു കയറുന്നതും

ഇങ്ക്വിലാബ് മുഴക്കുന്നതും

നീ കാണണം.


എന്തെന്നാല്‍ ഇന്ന് കറുപ്പും വെളുപ്പുമില്ല

ധിക്കാരം കാട്ടാന്‍ ഏവര്‍ക്കും അധികാരം

സുഹൃത്തേ നിനക്ക്

ശതകോടി വിപ്ലവാഭിവാദ്യങ്ങള്‍




6 അഭിപ്രായങ്ങള്‍

വിചാരണ


ആദ്യം വന്നയാള്‍ വളരെ പെട്ടന്നുതന്നെ പോയി.  അയാള്‍ ഒരു മന്ത്രിയായിരുന്നു. 

രണ്ടാമന്‍ മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന പോലീസുകാരനും. ഒന്നിനൊന്ന് സൌജന്യം എന്ന പോലെ അയാള്‍ പ്രതിഫലം നല്‍കാതെ കടന്നുകളഞ്ഞു.

മൂന്നാമതു വന്നയാള്‍ പോകുവാന്‍ വളരെ താമസമെടുത്തു. ഇത്രയും മന്ദഗതിക്കാരനായ ഒരാളെ അവള്‍ അന്നേവരെ കണ്ടിരുന്നില്ല. 

വെളിയില്‍ ആളുകള്‍ കാത്തിരിക്കുന്നത് അവളെ വിഷമിപ്പിച്ചു. 

മൂന്നാമന്‍ പലപ്പോഴും മൌനത്തില്‍ വീഴുകയും വിചാരണ നിര്‍ത്തിവയ്ക്കുകയും ചെയ്തു. പുലര്‍കാലമായപ്പോഴാണ് അവള്‍ക്ക് അയാളൊരു ന്യായാധിപനാണെന്ന് മനസ്സിലായത്.

അപ്പോഴും വരാന്തയില്‍ മറ്റുപലരും ഉറക്കം തൂങ്ങിയിരിപ്പുണ്ടായിരുന്നു.........

വിചാരണ കഴിഞ്ഞ് പൊതു സ്വത്തായി മാറുന്ന അവളേയും കാത്ത്.


9 അഭിപ്രായങ്ങള്‍

ചില സമത്വ സുന്ദരകാഴ്ചകള്‍


രംഗം ഒന്ന്

നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ സെമിനാര്‍ പൊടിപൊടിക്കുകയാണ്.

വിഷയം: ‘സ്ത്രീകള്‍ക്കുമേലുള്ള പുരുഷാധിപത്യം എങ്ങനെ ചെറുക്കാം’

വരണ്ട ചുണ്ടുകളില്‍ ചായം തേച്ച വൃദ്ധസുന്ദരികള്‍ മൈക്രോഫോണിനെപ്പോലും നാണിപ്പിച്ചുകൊണ്ട് ഘോരഘോരം പ്രസംഗിക്കുന്നു.

കേള്‍വിക്കാരായിരിക്കുന്ന ആധുനിക കാമ്പസ് ബുജി തരുണികള്‍ ഇടയ്ക്കിടെ പ്രോത്സാഹനം എന്നമട്ടില്‍ കൈയ്യടിക്കുന്നുണ്ട്.

രംഗം രണ്ട്

സെമിനാര്‍ അവസാനിച്ചു.

ഒറ്റയ്ക്കും കൂട്ടമായും സംഘാടകരും പങ്കെടുത്തവരും വിടപറയുന്നു.

പുരുഷാധിപത്യം തങ്ങളുടെ ജീവിതത്തിലുണ്ടവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച രണ്ടുപേര്‍ സെമിനാര്‍ സംഘാടകര്‍ ഒരുക്കിക്കൊടുത്ത ഹോട്ടലിലെ സ്യൂട്ട് റൂമില്‍ കയറി വാതിലടച്ചു.

ഒരു വാര്‍ത്തയ്ക്ക് പഴുതുതേടിയെത്തിയ ഉപഗ്രഹ ചാനലുകാരന്‍ താക്കോല്‍ പഴുതുപോലുമില്ലാത്ത അടഞ്ഞ വാതില്‍ നോക്കി ക്യാമറയുമായി നിസ്സംഗനായി നിന്നു.

രംഗം മൂന്ന്

തിരക്കേറിയ നിരത്ത്.

ട്രാഫിക്ക് സിഗ്നല്‍ കാത്തുകിടക്കുന്ന സെമിനാറിലെ മുഖ്യപ്രാസംഗികയുടെ ആഢംബര കാറിനരുകിലേക്ക് തെരുവിന്റെ രണ്ടു സന്തതികള്‍ എത്തുന്നു, ഒരു അമ്മയും കുഞ്ഞും.

രണ്ടു പേരും ഒരുമിച്ചു കൈനീട്ടിയിട്ടും താഴാത്തകാറിന്റെ പവര്‍ വിന്‍ഡോയില്‍ അഴുക്കുപിടിച്ച കുഞ്ഞു വിരലുകള്‍ ഓടി നടന്നു.കറുത്ത ചില്ല് പെട്ടന്ന് താഴ്ന്നു. അകത്തിരുന്ന മുഖ്യപ്രാസംഗിക കത്തുന്ന കണ്ണുകളോടെ തെരുവിന് പരിചിതമല്ലാത്ത ഇംഗ്ലീഷ് തെറികള്‍ വര്‍ഷിച്ചു.ഒരു നാണയതുട്ട് പ്രതീക്ഷിച്ച് അകത്തേക്ക് നീണ്ട കുഞ്ഞുകൈകളില്‍ മുഖ്യപ്രാസംഗികയുടെ വാനിറ്റി ബാഗ് ആഞ്ഞുപതിച്ചു.

രംഗം നാല്

വൃദ്ധ മന്ദിരം.

സെമിനാറിന്റെ മുഖ്യസംഘാടക തന്റെ പ്രായമായ അമ്മായിഅമ്മയെ വൃദ്ധ മന്ദിരത്തിന്റെ പടിക്കെട്ടുകള്‍ കൈപിടിച്ചു കയറ്റുന്നു.

അമ്മായിഅമ്മ ദൈന്യതയോടെ, കാറില്‍ നിസ്സഹായനായി ഇരിക്കുന്ന തന്റെ മകനെ നോക്കുന്നു.

രംഗം അഞ്ച്

നക്ഷത്ര ഹോട്ടലിലെ പുതുവര്‍ഷപാര്‍ട്ടി.

സ്ത്രീയും പുരുഷനും സമത്വസുന്ദരമായി കുടിച്ചുകൂത്താടുന്നു.

സെമിനാറിലെ അദ്ധ്യക്ഷയുടെ ഭര്‍ത്താവ് ബോധം മറഞ്ഞ് നിലത്തു വീണു. ഹോട്ടല്‍ ജീവനക്കാര്‍ അയാളെ പൊക്കിയെടുത്ത് ഏതോ മുറിയിലാക്കി.

അദ്ധ്യക്ഷ അപ്പോഴും സമത്വസുന്ദരലോകത്താണ്.ചുറ്റും കുറെ ചെറുപ്പക്കാരും.



1 അഭിപ്രായങ്ങള്‍

ഭ്രാന്ത്

ഞായറാഴ്ച അതിരാവിലെ അയാള്‍ എഴുന്നേല്‍ക്കും. വരാന്തയില്‍ ചിതറിക്കിടക്കുന്ന പത്രങ്ങളില്‍ നിന്ന് വാര്‍ത്താപേജുകളും മാട്രിമോണിയല്‍ പരസ്യങ്ങളുള്ള പേജുകളും രണ്ടായി വേര്‍തിരിക്കലാണ് ആദ്യജോലി. പുര നിറഞ്ഞുനില്‍ക്കുന്ന ഒരു യുവാവല്ല അയാള്‍. നമുക്കയാളെ അച്ഛന്‍ എന്നുവിളിക്കാം. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മക്കളുള്ള എതച്ഛനേയും പോലെ ഈ അച്ഛനും ഞായറാഴ്ചകളില്‍ വിവിധ പത്രങ്ങള്‍ വാങ്ങിക്കുന്നു. പത്രങ്ങളിലെ വിവാഹ പംക്തിയാണ് ലക്ഷ്യം. പതിവുപോലെ ഭൂതക്കണ്ണാടിയുമായി അയാള്‍ പത്രങ്ങള്‍ക്കുമുന്നിലിരുന്നു. തേടിയത് കണ്ടെത്തിയപ്പോള്‍ ഉറക്കെ വായിച്ചു‌‌-

‘അമിത ഭക്തിയിലൂടെ 10 വര്‍ഷം മുന്‍പ് മാനസികാസ്വാസ്ത്യം സംഭവിച്ച യുവാവ്. ഇപ്പോള്‍ 3 വര്‍ഷമായി ചികിത്സയുടെ ആവശ്യമില്ല. എം.സി.എ (നെറ്റ്വര്‍ക്ക് എഞ്ചിനിയര്‍). സമ്പന്നകുടുംബം. 38/170,സുമുഖന്‍. മാനസികാസ്വാസ്ത്യമില്ലാത്ത യുവതികളുടെ മാതാപിതാക്കളില്‍നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.....’

ആവുന്നത്ര ഉച്ചത്തില്‍ വായിച്ചിട്ടും വീടിനകത്തുനിന്നും പ്രതികരണമൊന്നുമുണ്ടാകാഞ്ഞപ്പോള്‍ അയാള്‍ പരസ്യത്തില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പരിലേക്ക് വിളിക്കാനാരംഭിച്ചു. മൂത്തമകള്‍ക്ക് വയസ്സ് മുപ്പതായി. ഈക്കാലയളവിനുള്ളില്‍ അവള്‍ കിട്ടാവുന്ന ബിരുദമൊക്കെ സ്വന്തം പേരിന്റെ വാലായിച്ചേര്‍ത്തു കഴിഞ്ഞു. ഇനിയും വേണമത്രെ. ഇപ്പോള്‍ പഠനം നടത്തുന്നത് വേദാന്തത്തിലണ്. ഓരോവിവാഹാലോചനകള്‍ വരുമ്പോഴും ഓരോ കാരണത്താല്‍ മുടങ്ങിപ്പോകും. ചിലപ്പോള്‍ അവളുടെ ചിന്തകളുമായി ചെറുക്കന്‍ പൊരുത്തപ്പെടുന്നില്ല, മറ്റുചിലപ്പോള്‍ അത്രവല്യചിന്തകളുടെ ഉടമയെ ചെറുക്കന് ഇഷ്ടപ്പെടുന്നില്ല. ഒടുവില്‍ ബ്രോക്കര്‍മാര്‍പ്പോലും ആ വഴി വരാതായപ്പോഴാണ് പത്രങ്ങളെ ആശ്രയിച്ചത്. ഒരു ബ്രോക്കര്‍ അയലത്തുകാരോട് പറഞ്ഞത്രെ തന്തയ്ക്കും മോള്‍ക്കും ഭ്രാന്തണെന്ന്. 

കുറെ ശ്രമങ്ങള്‍ക്കൊടുവില്‍ വിവാഹപരസ്യം നല്‍കിയവരെ ഫോണില്‍ കിട്ടി. അതും പയ്യന്റെ അനിയനെത്തന്നെ.താന്‍ കുറെനേരമായി ഫോണ്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ അവന്‍ ഒരു ക്ഷമാപണത്തോടെ പറഞ്ഞു തുടങ്ങി-

‘ക്ഷമിക്കണം...രാവിലെ മുതല്‍ വിളികളുടെ പ്രവാഹമാണ്. ഇത്ര മികച്ചൊരു പ്രതികരണം പരസ്യം നല്‍കുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇനിയും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നുതോന്നുന്നു. അതുകൊണ്ട് താങ്കള്‍ ഞാന്‍ പറയുന്ന അഡ്രസ്സും, ഇമെയില്‍ ഐഡിയും എഴുതിയെടുക്കുക. എന്നിട്ട് കുട്ടിയുടെ ബയൊഡേറ്റായും, ഫോട്ടോയും അയച്ചുതരിക ഞങ്ങള്‍ അങ്ങോട്ട് ബന്ധപ്പെടാം...’

അയാള്‍ തലയില്‍ കൈവച്ചുപോയി. ഭ്രാന്ത് പിടിച്ചവന്റെ കുടുംബത്തില്‍ നിന്നുപോലും വിവാഹം വേണ്ടെന്നു വയ്ക്കുന്ന നമ്മുടെ സമൂഹം നന്നായോ. വിശ്വസിക്കാനാവുന്നില്ല. തന്നേപ്പോലെ വിവാഹ കമ്പോളത്തില്‍ വിലയിടിഞ്ഞ മക്കളുള്ള അച്ഛന്മാര്‍ ഒത്തിരിയുണ്ടകുമെന്ന് ചിന്തിച്ച് സ്വയം സമാധാനിച്ചു. മകളോട് വിവരം പറഞ്ഞു. ബയൊഡേറ്റാ അവള്‍ തന്നെ തയ്യാറാക്കി അയക്കട്ടെ. അല്ലെങ്കില്‍ ഒടുവില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം തന്റെ തലയിലിരിക്കും. ഭാര്യ അറിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു-

‘നിങ്ങളെന്തിനാ അവളെ അതൊക്കെ ഏല്‍പ്പിച്ചത്. നിങ്ങക്ക് ആ അഡ്രസ്സ് തിരക്കി നേരിട്ടുപോകരുതാരുന്നോ. അല്ലേലും നിങ്ങളാ അവളെ വഷളാക്കുന്നത്.’

മകനോട് അഭിപ്രായം ചോദിച്ചിട്ടു കാര്യമില്ല. അവന്റെ ഭാവി കൂടി എല്ലാവരും ചേര്‍ന്ന് തകര്‍ക്കുകയാണെന്ന് പരാതിപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്തായാലും മകള്‍ മുന്‍പില്ലാത്ത സന്തോഷത്തില്‍ കമ്പ്യൂട്ടറില്‍ ബയൊഡേറ്റാ തയ്യാറാക്കുന്നതും ഈമെയില്‍ ചെയ്യുന്നതും കണ്ട് അയാളുടെ മനസ്സ് തണുത്തു. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ചെറുക്കനും പെണ്ണും ഓണ്‍ലൈനില്‍ പെണ്ണുകണ്ടു അല്ലെങ്കില്‍ ആണുകണ്ടു. വിവാഹ ശേഷം യാത്രയാക്കാന്‍ നേരം കണ്ണീര്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അച്ഛന്‍ മകളോടു പറഞ്ഞു-

‘ഒരിക്കല്‍ മാനസ്സികനില തകര്‍ന്നവനാണ് അതോര്‍മ്മവേണം എപ്പോഴും. ആരീതിയിലുള്ള പെരുമാറ്റമാവണം അവനോട് നിന്നില്‍ നിന്നുണ്ടാകേണ്ടത്.....’ 

മുപ്പതുവര്‍ഷം ഒപ്പമുണ്ടായിരുന്ന അച്ഛനമ്മമാരെ പിരിയുന്ന വേദനയില്ലാതെ മകള്‍ പറഞ്ഞു-

‘അച്ഛനതൊന്നുമോര്‍ത്ത് വിഷമിക്കണ്ട. വേദാന്ത പഠനം നിര്‍ത്തി ഞാന്‍ ഇനി മന:ശാസ്ത്രത്തില്‍ ഗവേഷണം നടത്തും’

മുഖത്തുണ്ടായ നടുക്കം മറച്ചുകൊണ്ട് അച്ഛന്‍ ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു-

‘എങ്കില്‍ നിന്റെ വേദാന്ത പുസ്തകങ്ങളൊക്കെ എനിക്കുതന്നേരെ ഞാനിനി വേദാന്ത പഠനം നടത്താം....’

3 അഭിപ്രായങ്ങള്‍

പശ

ഒരല്പം പശ വാങ്ങുവാനാണ് സ്റ്റെനോ അമ്മിണിക്കുട്ടി സുപ്രെണ്ട് സാറിന്റെ മുറിയില്‍ കയറിയത്. സുപ്രെണ്ട് സാര്‍ സ്നേഹപൂര്‍വം നല്‍കിയ പശ തങ്ങളുടെ ജീവിതത്തേയും ഒട്ടിച്ചു കളഞ്ഞെന്ന് അമ്മിണിക്കുട്ടിക്ക് പിന്നീടാണ് മനസിലായത്.

അച്ഛനുറങ്ങാത്ത വീട്

അയല്‍ വീട്ടിലെ അച്ഛനില്ലാത്ത പെണ്‍കുട്ടി രാത്രി കാമുകനൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ അയാള്‍ ഭാര്യയോടു പറഞ്ഞു-
‘ഞാനിന്നുമുതല്‍ കിടപ്പ് വരാന്തയിലേക്കു മാറ്റുകയാണ്. നമ്മുടെ പെമ്പിള്ളാരുടെ പിറകേം ഒരോ അവന്മാരു കറങ്ങി നടക്കുന്നുണ്ട്..’
ഭാര്യയും അതിനോടു യോജിച്ചു. മക്കളുടെ വിവാഹം കഴിയുന്നതുവരെ കാവല്‍ കിടന്നാല്‍ മതിയല്ലോ.
വരാന്തയില്‍ കൊതുകുകടികൊണ്ട് ഉറങ്ങാതിരിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്ത് ഭാര്യ പതിവിലും നേരത്തെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി. 
കാപ്പിയുമായി പുറത്തെത്തിയപ്പോള്‍ വരാന്ത കാലി. അവര്‍ മുറ്റത്തിറങ്ങി നോക്കി. അപ്പോള്‍ അയല്‍ വീട്ടിലെ അടുക്കള വാതില്‍ തുറന്ന് ഉറക്കച്ചടവോടെ ഭര്‍ത്താവ് ഇറങ്ങിവരുന്നുണ്ടായിരുന്നു.

ദാമ്പത്യം


രു തിങ്കളാഴ്ചയാണ് അവര്‍ കണ്ടുമുട്ടിയത്. 
ചൊവ്വാഴ്ചയോടെ പ്രണയബദ്ധരും ബുധനാഴ്ച വിവാഹിതരുമായി. 
വ്യാഴാഴ്ച രാവിലെ അലമാരച്ചില്ലുകള്‍ തകരുന്നശബ്ദം കേട്ടും, തലയിണകള്‍ പറന്ന് നടക്കുന്നത് കണ്ടുമാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്. മകനും മരുമകളും ശണ്ഠ കൂടുകയാണ്.
‘ചട്ടീം കലോമല്ലേ തട്ടീം മുട്ടീം കിടക്കും’ അവരാശ്വസിച്ചു. 
പെട്ടീം പ്രമാണവുമായി മരുമകള്‍ സ്വന്തം വീട്ടിലേക്കു പോകുന്നതും പിന്നാലെ പോസ്റ്റുമാന്‍ വക്കീല്‍ നോട്ടീസുമായി വരുന്നതും കണ്ടാണ് വെള്ളിയാഴ്ച അവസാനിച്ചത്.
ശനിയാഴ്ച മകന്‍ വിവാഹമോചിതനായി തിരിച്ചെത്തിയപ്പോഴാണു പഴമനസ്സുകള്‍ക്ക് കാര്യങ്ങളുടെ ഗതിവേഗം പിടികിട്ടിയത്.
ഞായറാഴ്ച മകനു നീണ്ട ദാമ്പത്യത്തിനു ശേഷമുളള വിശ്രമ ദിനമായിരുന്നു.
തിങ്കളാഴ്ച പതിവുപോലെ മകന്‍ ജന്റില്‍മാനായി പുറത്തേക്ക്. അമ്മ വഴിക്കണ്ണുമായി പുതിയ മരുമകളേയും കാത്തിരുന്നു.
--------------------------------------------------------------------------------------------------------------------------------------------------------------------------------------------

മംഗളം വാരികയുടെ 2004 നവംബര്‍ 29ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മിനിക്കഥ